മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ചരക്കുലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. ലോറി ഡ്രൈവറായ കര്‍ണാടക സ്വദേശി ഗോപാല്‍ ജാദവ് (41) ആണ് മരിച്ചത്. സഹ ഡ്രൈവര്‍ കര്‍ണാടക സ്വദേശി പ്രകാശിന് (41) പരുക്കേറ്റു. ഇദ്ദേഹത്തെ വളാഞ്ചേരി നടക്കാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയില്‍നിന്ന് തൃശൂര്‍ ഭാഗത്തേക്കു സവാള കയറ്റിപ്പോകുന്ന ലോറിയാണ് വളവില്‍ താഴേക്കു മറിഞ്ഞത്. പൊലീസും തിരൂരില്‍നിന്നെത്തിയ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ഏറെ നേരം പണിപ്പെട്ടാണ് ലോറിയില്‍നിന്ന് ഡ്രൈവറെ പുറത്തെടുത്തത്.