പണംവാരിക്കളി എന്നാണ് പൊതുവേ ക്രിക്കറ്റ് അറിയപ്പെടുന്നത്. ഏത് വഴി പോയാലും പണമൊഴുകുന്ന കായിക മാമാങ്കം. ക്രിക്കറ്റ് അസോസിയേഷനുകളും കളിക്കാരുമെല്ലാം കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് കോടിപതികളാകും. അങ്ങനെയുള്ള ക്രിക്കറ്റിൻറെ ലോകകപ്പ് മൽസരം ഇന്ത്യയിൽ വച്ച് നടക്കുമ്പോൾ പണപ്പെട്ടികളിൽ എത്ര കോടികൾ വീഴും? ഏതാണ്ട് 20,000 കോടി രൂപ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലേക്ക് എത്താൻ ക്രിക്കറ്റ് ലോകകപ്പ് സഹായിക്കുമെന്ന് ബാങ്ക് ഓഫ് ബറോഡയിലെ വിദഗ്ധർ പറയുന്നു.
ധാരാളം ക്രിക്കറ്റ് ആരാധകർ ലോകത്തിൻറെ പലയിടങ്ങളിൽ നിന്ന് എത്തുന്നതിനാൽ ഗതാഗത, ഹോസ്പിറ്റാലിറ്റി മേഖലയായിരിക്കും ലോകകപ്പിൻറെ പ്രധാന ഗുണഭോക്താക്കൾ. രാജ്യത്തെ 10 നഗരങ്ങളിലായാണ് ലോകകപ്പ് മൽസരങ്ങൾ നടക്കുന്നത്. 2011ന് ശേഷം ഇതാദ്യമായാണ് മൽസരങ്ങൾക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. രാജ്യത്ത് ഉൽസവ സീസണിലാണ് കായികമാമാങ്കം നടക്കുന്നത് എന്നതും സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണ്. ഏതാണ് 552 ദശലക്ഷം പേരാണ് ലോകകപ്പ് മൽസരങ്ങൾ ടെലിവിഷനിലൂടെ കാണുകയെന്നാണ് കണക്കാക്കപ്പെടുന്നത്. ടിവി സംപ്രേഷണാവകാശം, സ്പോൺസർഷിപ്പ് എന്നിവ മാത്രം ഏതാണ്ട് 10,500 കോടി രൂപ മുതൽ 12,000 കോടി രൂപ വരെ മൂല്യം വരുന്നതാണ്.സ്റ്റാർ സ്പോർട്‌സ് നെറ്റ് വർക്കിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും ആണ് മല്സരം സംപ്രേഷണം ചെയ്യുന്നത്.
മൽസരങ്ങൾ നടക്കുന്ന പട്ടണങ്ങളിലേക്കുള്ള വിമാന സർവീസ് നിരക്കുകൾ നേരത്തെത്തന്നെ എയർലൈൻ കമ്പനികൾ വർധിപ്പിച്ചിരുന്നു. ഹോട്ടൽ റൂമുകളിലും നിരക്ക് കുത്തനെ ഉയർന്നിട്ടുണ്ട്. ദില്ലി, മുംബൈ, ചെന്നൈ,അഹമ്മദാബാദ്,കൊൽക്കത്ത, പൂനെ,ബെംഗളൂരു, ധർമശാല, ഹൈദരാബാദ്, ലഖ്നൗ എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളിലായാണ് മൽസരങ്ങൾ നടക്കുന്നത്. വലിയ സമ്മാന തുകയാണ് ഐസിസി കരുതി വച്ചിരിക്കുന്നത്. 83 കോടി രൂപയാണ് മൊത്തം സമ്മാന തുക. ഇതിൽ വിജയികൾക്ക് ലഭിക്കുക 33 കോടിയും റണ്ണറപ്പിന് കിട്ടുക 16 കോടിയുമാണ്. സെമി ഫൈനലിസ്റ്റുകൾക്ക് ആറര കോടി വീതവും ലഭിക്കും