ദിവസവും രാവിലെ ഒരു മുട്ട വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
നമ്മളിൽ പലരുടെയും ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. ഒരു സാമാന്യം വലിപ്പമുള്ള മുട്ടയിൽ 13 സുപ്രധാന വിറ്റാമിനുകളും, ധാതുക്കളും, ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുട്ട ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിൻ എ, ബി5, ബി6, ബി12, ഡി, ഇ, കെ, ഫോളേറ്റ്, ഫോസ്ഫറസ്, കാത്സ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയതാണ് മുട്ട. ദിവസവും രാവിലെ ഒരു മുട്ട വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
മുട്ടയിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും ഏറെ നല്ലതാണ്. അതിനാൽ മുട്ട കഴിക്കുന്നത് തലച്ചോറിന്റെ വളർച്ചയെ പോഷിപ്പിക്കാനും ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കും. പ്രത്യേകിച്ച്, കുട്ടികൾക്ക് ദിവസവും രാവിലെ ഓരോ മുട്ട വീതം കൊടുക്കുന്നത് നല്ലതാണ്.
രണ്ട്…
രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ദിവസവും മുട്ട ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
മൂന്ന്…
ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ളയിൽ ഫാറ്റ് കുറവാണ്. ആറ് ഗ്രാം പ്രോട്ടീൻ, 55 മില്ലി ഗ്രാം സോഡിയം എന്നിവയും അടങ്ങിയിട്ടുണ്ട്. കുറഞ്ഞ അളവിലേ കലോറിയുള്ളൂ. ഡയറ്റ് ചെയ്യുന്നവർക്ക് വേണ്ട ഊർജ്ജം നൽകാനും മുട്ട കഴിക്കാം.
നാല്…
ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങളും പറയുന്നു. പതിവായി മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രെളിൻറെ അളവ് കൂട്ടാനു സഹായിക്കും.
അഞ്ച്…
വിറ്റാമിൻ എയും സിങ്കും മറ്റും അടങ്ങിയ മുട്ട പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
ആറ്…
മുട്ട സൾഫർ സമൃദ്ധമായുള്ള ഒരു ഭക്ഷണമാണ്. അതിനാൽ എല്ലുകളുടെ ആരോഗ്യത്തിനും മുട്ട ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ഏഴ്…
ഗർഭസ്ഥശിശുവിന്റെ നട്ടെല്ലിന്റെ വളർച്ചയ്ക്കും, മസ്തിഷ്‌ക വികസനത്തിനും, ജനന വൈകല്യങ്ങളുടെ എണ്ണം കുറയ്ക്കുവാനും ഗർഭിണികൾ മുട്ട കഴിക്കുന്നത് ഏറെ നല്ലതാണ്.
എട്ട്…
ദിവസവും രാവിലെ ഒരു മുട്ട കഴിക്കുന്നത് വയർ പെട്ടെന്ന് നിറയ്ക്കാനും വിശപ്പിനെ കുറയ്ക്കാനും അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.