ലഖ്നൗ: ഉത്തർപ്രദേശിൽ അധ്യാപകന് നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആഗ്രയിലാണ് സംഭവം നടന്നത്. ഇന്നലെയാണ് ഉത്തർപ്രദേശിൽ കോച്ചിംഗ് സെന്റർ നടത്തുന്ന അധ്യാപകനെ രണ്ട് വിദ്യാർത്ഥികൾ വെടിവെച്ചത്. അധ്യാപകന്റെ കാലിലാണ് വെടിയേറ്റത്. തുടർന്ന് ഇവർ ഇവിടെ നിന്ന് ബൈക്കിൽ കയറി രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ ഇവർ ഒരു വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തു.
ഇനിയും 39 ബുള്ളറ്റുകൾ കൂടി ആറ് മാസത്തിനുള്ളിൽ തന്റെ ശരീരത്തിൽ തുളച്ചു കയറുമെന്ന് ഇവർ അധ്യാപകനെ വീഡിയോയിൽ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ‘ഗാങ്സ്റ്റർ’ എന്നാണ് കുട്ടികൾ അവരെ സ്വയം വിശേഷിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്ക് അധ്യാപകൻ്റെ സഹോദരനുമായി ഉണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. അന്വേഷണ സംഘം ഇന്ന് രാവിലെയാണ് കൗമാരക്കാരെ അറസ്റ്റ് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതികളെ പിടികൂടാൻ കഴിഞ്ഞതായി പൊലീസ് വ്യക്തമാക്കി.