IndiaNEWS

ജയിലില്‍ കിടന്ന് പാഠം പഠിക്കട്ടെ! ബൈക്കില്‍ അഭ്യാസം നടത്തിയ യുട്യൂബറുടെ ജാമ്യാപേക്ഷ തള്ളി

ചെന്നൈ: അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് റിമാന്‍ഡില്‍ കഴിയുന്ന യുട്യൂബറുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ടി.ടി.എഫ്.വാസനെന്ന യുട്യൂബര്‍ ജയിലില്‍ തന്നെ തുടരട്ടെയെന്നും തെറ്റു മനസ്സിലാക്കി പാഠം പഠിക്കണമെന്നും അപേക്ഷ തള്ളി ജസ്റ്റിസ് സി.വി.കാര്‍ത്തികേയന്‍ പറഞ്ഞു.

ചെന്നൈ-വെല്ലൂര്‍ ദേശീയപാതയില്‍ കഴിഞ്ഞ 17ന് ഇരുചക്ര വാഹനത്തില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ് വാസന്‍ തെറിച്ചു വീണത്. യുട്യൂബില്‍ വാസനെ 4.5 ദശലക്ഷം പേര്‍ പിന്തുടരുന്നുവെന്നതിന്റെ പേരില്‍ ജാമ്യം നല്‍കാനാകില്ലെന്ന് കോടതി പറഞ്ഞു.

Signature-ad

അപകടസമയത്ത് വാസന്‍ ഉപയോഗിച്ചിരുന്നത് 20 ലക്ഷം രൂപയോളം വിലയുള്ള വാഹനവും 2 ലക്ഷം രൂപയുള്ള സ്യൂട്ടുമാണ്. ഇയാളുടെ അഭ്യാസത്തില്‍നിന്ന് മറ്റുള്ളവര്‍ ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടതെന്നും ജസ്റ്റിസ് കാര്‍ത്തികേയന്‍ പറഞ്ഞു.

ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഉപയോഗിച്ചു ചില യുവാക്കള്‍ മാല കവര്‍ച്ച അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. വാസന്റെ പ്രവൃത്തി പിന്തുടര്‍ന്ന് മറ്റു യുവാക്കളും ബൈക്കില്‍ സാഹസിക പ്രകടനം നടത്തുന്നുവെന്നും ഇതൊരു പാഠമാണെന്നും കോടതി പറഞ്ഞു. വാസന്റെ ജാമ്യാപേക്ഷ നേരത്തെയും കോടതി തള്ളിയിരുന്നു.

 

Back to top button
error: