തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം ഇന്ന്. വൈകീട്ട് അഞ്ച് മണിക്കു ശാന്തി കവാടത്തിലാണ് അദ്ദേഹത്തിന്റെ അന്ത്യ യാത്ര. ഇന്നലെ വൈകുന്നേരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെ 11 മണി മുതല്‍ എകെജി സെന്ററിലും ഉച്ചയ്ക്ക് രണ്ട് മണിക്കു ശേഷം സിഐടിയു ഓഫീസിലും പൊതു ദര്‍ശനം ഉണ്ടാവും. ആശുപത്രിയിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറ്റ് നേതാക്കളും ആനത്തലവട്ടം ആനന്ദന് അന്തിമോപചാരം അര്‍പ്പിച്ചു. അതിന് ശേഷം മൃതദേഹം ചിറയിന്‍കീഴിലെ വീട്ടിലേക്ക് കൊണ്ടുപോയി.
1937 ഏപ്രില്‍ 22 ന് വര്‍ക്കല ചിലക്കൂരില്‍ കേടുവിളാകത്ത് വിളയില്‍ നാരായണിയുടെയും വി കൃഷ്ണന്റെയും മകനായി ജനിച്ചു. 1954ല്‍ ഒരണ കൂടുതല്‍ കൂലിക്കു വേണ്ടി നടന്ന കയര്‍ തൊഴിലാളി പണിമുടക്ക് ആനന്ദന് രാഷ്ട്രീയത്തിലേക്കും സാമൂഹിക പ്രവര്‍ത്തനത്തിലേക്കുമുള്ള ആദ്യ പടിയായി.
1956ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗം ആയി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നു. 1971ല്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം, ട്രാവന്‍കൂര്‍ കയര്‍ തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി, കേരള കയര്‍ വര്‍ക്കേഴ്‌സ് സെന്റര്‍ ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. 1972 ല്‍ കേരള കയര്‍ വര്‍ക്കേഴ്‌സ് സെന്റര്‍ സെക്രട്ടറി ആയി. സിഐടിയു ദേശീയ വൈസ് പ്രസിഡന്റും അപ്പക്സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാനുമാണ്. ഭാര്യ ലൈല. മക്കള്‍: ജീവ ആനന്ദന്‍, മഹേഷ് ആനന്ദന്‍.
1987 ല്‍ ആറ്റിങ്ങലില്‍നിന്നാണ് ആദ്യതവണ നിയമസഭയിലെത്തിയത്. 91ല്‍ വീണ്ടും മല്‍സരിച്ചെങ്കിലും 316 വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി. ശരത്ചന്ദ്രപ്രസാദിനോട് പരാജയപ്പെട്ടു. 96 ല്‍ ആറ്റിങ്ങലില്‍ത്തന്നെ വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തിയായിരുന്നു രണ്ടാം ജയം. 2006 ല്‍ സി. മോഹനചന്ദ്രനെതിരെ 11208 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. 2006 മുതല്‍ 2011 വരെ ചീഫ് വിപ്പായിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ കയര്‍മിത്ര പുരസ്‌കാരം, കയര്‍ മില്ലനിയം പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ കയര്‍ അവാര്‍ഡ്, സി കേശവന്‍ സ്മാരക പുരസ്‌കാരം, എന്‍ ശ്രീകണ്ഠന്‍ നായര്‍ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.