തിരുവനന്തപുരം: ശ്മശാന ജീവനക്കാരൻ മദ്യ ലഹരിയിലായതോടെ പകരം ആളെ എത്തിച്ച് സംസ്കാരം നടത്തി. ഒരു മണിക്കൂറിൽ അധികം വൈകിയാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്. മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ ശ്മശാനത്തിൽ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കാൻ എത്തിച്ച മൃതദേഹം മണിക്കൂറുകൾ പുറത്ത് കിടത്തേണ്ടി വന്നു. ചായ്‌ക്കോട്ടുകോണം, വെൺകുളം, തേരിവിള രാഗം വീട്ടിൽ തങ്കപ്പൻ (78) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.
ബന്ധുക്കൾ മാറനല്ലൂർ വൈദ്യുതി ശ്മാശാനം അധികൃതരുമായി ബന്ധപ്പെട്ട് സംസ്കാരത്തിനായി വൈകിട്ട് നാല് മണിക്ക് സമയം ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൃതദേഹവുമായി സ്ഥലത്തെതുമ്പോൾ വനിതാ ജീവനക്കാരി ഉണ്ടായിരുന്നു. തുടർന്ന് അന്വേഷണത്തിൽ ജീവനക്കാരനെ ശ്മശാനത്തിന്റെ പുറകിൽ മദ്യലഹരിയിൽ കണ്ടെത്തി. ജീവനക്കാരനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചിട്ടും നിലത്ത് കാലൂന്നാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.
തുടർന്ന് ഇവർ പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും എത്തിച്ചേർന്നു. ഒടുവിൽ തൈക്കാട് ശാന്തികവാടത്തിലെ ഇലക്ട്രിക് ശ്മശാനം പ്രവർത്തിപ്പിക്കുന്നയാളെ വിളിച്ചുവരുത്തി അന്ത്യകർമം നടത്തി സംസ്കരിച്ചു. വസന്തയാണ് മരിച്ച തങ്കപ്പന്റെ ഭാര്യ. മക്കൾ ബൈജു ബിനു, ബീന. സഞ്ചയനം ചൊവ്വാഴ്ച.