KeralaNEWS

എം.എം.മണിയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചു; ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ഇടുക്കി: എം.എം.മണി എംഎല്‍എയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നെടുങ്കണ്ടത്ത് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്തി. കേരളാ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന്റെ (കെഎഎംവിഐഎ) ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംഘടനയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ആര്‍ടിഒ ഓഫിസുകളില്‍ നിന്നും തപാല്‍ വഴി എം.എം.മണിക്ക് വിയോജന കുറിപ്പുകള്‍ അയയ്ക്കും.

സംഭവത്തിന്റെ പേരില്‍ നെടുങ്കണ്ടത്തെ മൂന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ സ്ഥലം മാറ്റി. എന്നാല്‍, സ്ഥലം മാറ്റം വകുപ്പ് തലത്തിലുള്ള ജനറല്‍ ട്രാന്‍സഫറിന്റെ ഭാഗമാണെന്നും ഇതിനു വിവാദവുമായി ബന്ധമില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങിയത് സെപ്റ്റംബര്‍ 26നു ആയിരുന്നെന്നും ഉദ്യോഗസ്ഥര്‍ വിശദമാക്കി. അതേസമയം, സിഐടിയുവിന്റെ നേതൃത്വത്തില്‍ എം.എം.മണിക്ക് അനുകൂലമായി നെടുങ്കണ്ടത്ത് പ്രകടനം നടത്തി.

Signature-ad

സിഐടിയു ഡ്രൈവേഴ്‌സ് യൂണിയന്‍ നെടുങ്കണ്ടം ആര്‍ടി ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യവെയായിരുന്നു എ.എം.മണിയുടെ പരാമര്‍ശം. ”സര്‍ക്കാരും പിണറായി വിജയനും പറഞ്ഞിട്ടാണു പിഴയീടാക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജോലിയില്‍ രാഷ്ട്രീയം എടുത്താല്‍ ഞങ്ങളും രാഷ്ട്രീയം എടുക്കും. പിന്നെ നീയൊന്നും ഇവിടെ ജീവിക്കുകയില്ല. ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ വഴിക്കു നടന്നില്ലെങ്കില്‍ കൈകാര്യം ചെയ്യും. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരുടെ നാവ് ചവിട്ടിക്കൂട്ടും” എം.എം.മണി പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥരെ നിങ്ങള്‍ക്കു കൈകാര്യം ചെയ്യാമെന്നും അങ്ങനെ ചെയ്താല്‍ താന്‍ ഒപ്പം ഉണ്ടാവുമെന്നും പ്രതിഷേധത്തിനെത്തിയ സിഐടിയു പ്രവര്‍ത്തകരോടു മണി പറഞ്ഞിരുന്നു.

 

Back to top button
error: