IndiaNEWS

സിക്കിമില്‍ മേഘവിസ്‌ഫോടനം, മിന്നല്‍പ്രളയം; 23 സൈനികരെ കാണാതായി

ഗാങ്‌ടോക്: സിക്കിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 23 സൈനികരെ കാണാതായി. പ്രളയത്തില്‍ സൈനിക വാഹനങ്ങളുള്‍പ്പെടെ വെള്ളത്തിനടിയിലായി. ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതിനേത്തുടര്‍ന്ന് നദിയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയായിരുന്നു. ചിലയിടങ്ങളില്‍ 20 അടി വരെ ജലനിരപ്പുയര്‍ന്നു. ബുധനാഴ്ച ലാചെന്‍ താഴ്വരയിലാണ് സംഭവം. കാണായവര്‍ക്കു വേണ്ടി സൈന്യം തിരച്ചില്‍ ആരംഭിച്ചു.

വടക്കന്‍ സിക്കിമിലെ ലോനാക് തടാകത്തിനു സമീപം മേഘവിസ്‌ഫോടനം സംഭവിച്ചതാണ് പ്രളയത്തിലേക്ക് നയിച്ചത്. ഇതിനു പിന്നാലെ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയും തുറന്നുവിടുകയും ചെയ്തു. സിങ്താമിനു സമീപം നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ ഒഴുകിപ്പോയി. സിങ്താമില്‍ ടീസ്റ്റയ്ക്ക് കുറുകെയുണ്ടായിരുന്ന നടപ്പാലം തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളിലും നദീതീരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.

Signature-ad

പശ്ചിമ ബംഗാളിനേയും സിക്കിമിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 10 നിരവധിയിടങ്ങളില്‍ തകര്‍ന്നു. വിവിധയിടങ്ങളില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. നദീതീരത്തുനിന്ന് ആളുകള്‍ മാറണമെന്ന് സിക്കിം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് 2400ഓളം വിനോദസഞ്ചാരികള്‍ ഒറ്റപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ജൂണില്‍ വടക്കന്‍ സിക്കിമിലെ പെഗോങ് മേഖല കനത്ത മഴയേത്തുടര്‍ന്ന് പ്രളയം അഭിമുഖീകരിച്ചിരുന്നു.

Back to top button
error: