FeatureLIFE

വിമാനം വീടാക്കി നാട്ടുകാരെ ഞെട്ടിച്ച റിട്ടയേർഡ് ഇലക്ട്രിക്കൽ എഞ്ചിനീയറായ ബ്രീസ് കാംബെല്ലിന്‍റെ കഥ !

റിട്ടയേർഡ് ഇലക്ട്രിക്കൽ എഞ്ചിനീയറായ ബ്രൂസ് കാംബെല്‍ താമസിക്കുന്നത് ഒരു വിമാനത്തിലാണ്. ഈ വിമാനം എയര്‍പോട്ടില്ല, മറിച്ച് ഒരു വനത്തിന് നടുക്കാണ്. മാത്രമല്ല ഇതൊരു സാധാരണ വിമാനവുമല്ല, ബോയിംഗ് 727 എന്ന കൂറ്റന്‍ വിമാനം. ഇന്ന് 64 വയസുണ്ട് ബ്രൂസിന്. എന്നാല്‍, ബ്രൂസിന് ഈ ആശയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അദ്ദേഹത്തിന്‍റെ ഇരുപതാമത്തെ വയസില്‍ തന്നെ ഈ സ്വപ്നഭവനത്തിനായി അദ്ദേഹം ശ്രമം തുടങ്ങി. അതിന്‍റെ ആദ്യ പടിയായി, 1980 കളുടെ തുടക്കത്തില്‍ അദ്ദേഹം യുഎസിലെ ഒറിഗോണിലെ ഹിൽസ്‌ബോറോയിലെ വനത്തിൽ 23,000 ഡോളറിന് 10 ഏക്കർ ഭൂമി വാങ്ങി, പിന്നാലെ ഉപേക്ഷിക്കാനിട്ടിരുന്ന ഒരു ബോയിംഗ് വിമാനവും. ഇന്ന് ബ്രൂസ് കാംബെലിന്‍റെ റിട്ടയേര്‍ഡ് ജീവിതം ഈ ബോയിംഗ് 727 ലാണ്. മുകളില്‍ നിന്നുള്ള കാഴ്ചയില്‍ ഒരു കാട്ടിനുള്ളില്‍ കിടക്കുന്ന ഒറ്റപ്പെട്ട കൂറ്റന്‍ വിമാനമായിട്ടാണ് ബ്രൂസിന്‍റെ ഈ വീട് കാണാനാകുക.

ഒരു സാധാരണ വിമാനത്തിന്‍റെ ഉൾവശത്ത് ഇരിപ്പിടങ്ങളല്ലാതെ കാര്യമായ യാതൊന്നും തന്നെയുണ്ടാകില്ല. യാത്ര ചെയ്യുന്നതിനപ്പുറത്ത് അത് കാഴ്ചക്കാരനെ പെട്ടെന്ന് തന്നെ ബോറടിപ്പിക്കും. ഈ ബോറടി മാറ്റാന്‍ വിമാനത്തിന്‍റെ ഉള്‍വശം പുതിക്കിപ്പണിയാന്‍ ബ്രൂസ് തയ്യാറായി. കുട്ടിക്കാലത്ത് ഉപയോഗ ശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് പുതിയ ഒന്ന് സൃഷ്ടിക്കാന്‍ തനിക്ക് പ്രത്യേക താത്പര്യമുണ്ടായിരുന്നതായി ബ്രൂസ് പറയുന്നു. ഈ താത്പര്യം തനിക്ക് ബോയിംഗിന്‍റെ ഉള്‍വശം പണിയുന്നതില്‍ കരുത്തായെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, ബോയിംഗ് വിമാനം വീടാക്കി മാറ്റുന്ന ആദ്യത്തെ ആളല്ല ബ്രൂസ്. തനിക്ക് അതിന് വഴി കാട്ടിയായത് ഹെയർ ഡ്രെസ്സറായ ജോവാൻ ഉസ്സേരിയാണെന്ന് അദ്ദേഹം തുറന്ന് പറയുന്നു.

Signature-ad

ആദ്യം ഒരു ചരക്ക് കപ്പല്‍ വാങ്ങി അതിനെ വീടാക്കാനായിരുന്നു തന്‍റെ പദ്ധതിയെന്ന് ബ്രൂസ് പറയുന്നു. അതിനിടെയാണ് മിസിസിപ്പി സ്വദേശിനിയായ ജോവാനെ കുറിച്ച് കേട്ടത്. നദിക്കരയില്‍ ഉണ്ടായിരുന്ന ജോവാന്‍റെ വീട് കാട്ടുതീയില്‍ കത്തി നശിച്ചപ്പോള്‍ അവര്‍ ഒരു ബോയിംഗ് 727 വാങ്ങി അതിനെ വീടാക്കിമാറ്റുകയായിരുന്നു. ജോവാന്‍റെ വീടിനെ കുറിച്ചറിഞ്ഞ് ബ്രൂസ് അത് അന്വേഷിച്ച് പോവുകയും കണ്ട് ഇഷ്ടപ്പെടുകയും ചെയ്തു. ഒടുവില്‍ 1999-ൽ, ഒളിമ്പിക് എയർവേസിൽ നിന്ന് 1,00,000 ഡോളറിന് ഒരു ബോയിംഗ് 727 വിമാനം വാങ്ങി. വിമാനം ഗ്രീസിലെ ഏഥൻസിൽ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. ആ കൂറ്റന്‍ വിമാനത്തെ ഒറിഗോണിലെ വനത്തിലേക്ക് കൊണ്ട് പോകാന്‍ അദ്ദേഹം അല്പം ബുദ്ധിമുട്ടി. കൂറ്റന്‍ വിമാനത്തെ കാട്ടിലെത്തിക്കാന്‍ അന്ന് അദ്ദേഹത്തിന് 1,20,000 ഡോളര്‍ ചെലവായി. ഒടുവില്‍ തന്‍റെ സ്വപ്ന വീട് ഹിൽസ്‌ബോറോയിലെ വനത്തിലെത്തിക്കാന്‍ അദ്ദേഹത്തിന് 2,20,000 ഡോളർ (ഇന്നത്തെ നിരക്കില്‍ 1,83,01,360 ഇന്ത്യന്‍ രൂപ) ചെലവഴിക്കേണ്ടി വന്നു. അന്ന് അമേരിക്കന്‍ പത്രങ്ങള്‍ ഇത് സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് നല്‍കിയത്.

പിന്നീട്, ആ വിമാനത്തെ ഒരു വീടാക്കി മാറ്റാനുള്ള ശ്രമമായിരുന്നു. ജോവാൻ ബോയിംഗിന്‍റെ രൂപം മാത്രമാണ് വീടിനായി ഉപയോഗിച്ചതെങ്കില്‍ ബ്രൂസ് വിമാനത്തിന്‍റെ കോക്പിറ്റ് പോലും മാറ്റാന്‍ തയ്യാറായില്ല. മൂന്ന് ക്രൂ ഉപയോഗിക്കുന്ന ഫ്ലൈറ്റ് ഡക്ക് അദ്ദേഹം അതുപോലെ തന്നെ നിലനിര്‍ത്തി. അതേസമയം ഒരു വീട്ടിനുള്ളിലെ എല്ലാ സൗകര്യങ്ങളും ഇന്ന് ആ ബോയിംഗ് 727 വീട്ടിലുണ്ട്. വിമാനത്തിലെ യഥാര്‍ത്ഥ സീറ്റുകളും ബാത്ത് റൂമുകളും അദ്ദേഹം നിലനിര്‍ത്തി. ഒപ്പം ഒരു വാഷിംഗ് മെഷ്യനും ഒരു സിങ്കും ഫ്രിഡ്ജും പുതുതായി ഘടിപ്പിച്ചു. ഭക്ഷണം പാചകം ചെയ്യാന്‍ മൈക്രോവേവും ടോസ്റ്ററും ഘടിപ്പിച്ചു. ഉറങ്ങാനായി കട്ടികൂടിയ മെത്തയായ ഫ്യൂട്ടന്‍ ഉപയോഗിക്കുന്നു. ഭക്ഷണത്തിനായി കൂടുതലും ധാന്യങ്ങളെ ആശ്രയിക്കുന്നു. വിശ്രമജീവിതത്തിന്‍റെ വിരസത മാറ്റാന്‍, താന്‍ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് പുതിയ എന്തെങ്കിലും നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നെന്ന് കാംബെൽ പറയുന്നു. ഒപ്പം ബോയിംഗ് 727 ലെ ജീവിതം വളരെ ലളിതമാണെന്നും കൂട്ടിച്ചേര്‍ക്കുന്നു.

Back to top button
error: