റിയാദ്: ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ കൊലപ്പെടുത്തി ജയിലിലായ ഉമ്മയുടെ മോചനത്തിന് സഹായം തേടി ആറു പെണ്‍മക്കള്‍. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മാതാവിനെ രക്ഷിക്കാന്‍ ദിയാധനം കണ്ടെത്താന്‍ ഒന്നരമാസം കൂടി ശേഷിക്കെ മക്കള്‍ പുറത്തിറക്കിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
തമാം മുഹമ്മദ് ഈദ് എന്ന സൗദി വനിത ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റിലാവുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവിന്റെ രണ്ടാം വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷമായിരുന്നു കൊലപാതകം. വിചാരണാ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.
എട്ടു വര്‍ഷമായി റിയാദ് മലസ് വനിതാ ജയിലില്‍ കഴിയുകയാണിവര്‍. ദിയാധനം (ബ്ലഡ് മണി) സ്വീകരിച്ച് ഭാര്യക്ക് മാപ്പുനല്‍കാമെന്ന് ഭര്‍ത്താവ് മൂന്ന് വര്‍ഷം മുമ്പ് അറിയിച്ചിരുന്നു. 50 ലക്ഷം റിയാലാണ് ദിയാധനമായി ആവശ്യപ്പെട്ടിരുന്നത്. ഇത് നല്‍കാന്‍ കഴിയാതിരുന്നതോടെ ജയില്‍വാസം തുടരുകയായിരുന്നു.
ദിയാധനം നല്‍കുന്നതിന് അനുവദിച്ച മൂന്നു വര്‍ഷത്തെ കാലാവധി അവസാനിക്കാന്‍ ഇനി ഒന്നര മാസം ശേഷിക്കെ മാതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ മക്കള്‍ വീഡിയോയിലൂടെ ഉദാരമതികളുടെ സഹായം തേടുകയായിരുന്നു.