വ്യാജരേഖകള്‍ സമര്‍പ്പിച്ച് പി ആര് അരവിന്ദാക്ഷനെ കുടുക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.
പി ആര് അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ ബിനാമി നിക്ഷേപമുണ്ടെന്ന് കാട്ടിയാണ് ഇ ഡി അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഇ ഡി കോടതിയില്‍ നല്‍കിയത് മറ്റൊരു ചന്ദ്രമതിയുടെ അക്കൗണ്ട് വിവരങ്ങള്‍. ഇ ഡി സമര്‍പ്പിച്ച രേഖകളില്‍ പറയുന്ന ചന്ദ്രമതി നേരത്തെ മരിച്ചിരുന്നു.
പെരിങ്ങണ്ടൂര്‍ സഹകരണബാങ്കില്‍ അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിക്ക് 63 ലക്ഷത്തിന്റെ നിക്ഷേപമുണ്ടെന്നായിരുന്നു ഇ ഡിയുടെ വാദം. റിമാൻഡ് റിപ്പോര്‍ട്ടിലും ഇക്കാര്യം പറയുന്നുണ്ട്. ഇത് അരവിന്ദാക്ഷന്റെ ബിനാമി നിക്ഷേപമാണെന്നായിരുന്നു ഇ ഡി പറഞ്ഞത്. ഇതിനായി ചന്ദ്രമതിയുടെ പേരിലുള്ള അക്കൗണ്ടിന്റെ വിവരങ്ങളും സമര്‍പ്പിച്ചു. എന്നാല്‍ ഇത് പ്രദേശവാസി തന്നെയായ മറ്റൊരു ചന്ദ്രമതിയുടേതാണെന്നാണ് പുറത്തുവന്നിരിക്കുന്നത്. ഇവര്‍ മരണമടഞ്ഞിരുന്നു. മകൻ ശ്രീജിത്തിനെയാണ് നോമിനിയായി നല്‍കിയിരിക്കുന്നത്. ഈ അക്കൗണ്ടിലെ നിക്ഷേപമാണ് പി ആര് അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ട് ആണെന്ന വ്യാജേന ഇഡി വാദിച്ചത്. പി ആര് അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടില്‍ പെൻഷൻതുക മാത്രമാണ് എത്തുന്നത് എന്നിരിക്കെയാണ് മരിച്ചുപോയ വ്യക്തിയുടെ അക്കൗണ്ട് വിവരങ്ങള്‍ ഉപയോഗിച്ച് പി ആര് അരവിന്ദാക്ഷന് ബിനാമി നിക്ഷേപമുണ്ടെന്ന് വരുത്തിതീര്‍ക്കാൻ ഇഡി ശ്രമിച്ചത്.
അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിലൂടെ 63,56,460 രൂപയുടെ ബിനാമി ഇടപാടുകള്‍ നടന്നു എന്നാണ് CRPC 167 പ്രകാരം ഇ ഡി നല്കിയ ജുഡീഷ്യല്‍ കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ അക്കൗണ്ടിലെ നോമിനിയായി മകന് എന്ന പേരില്‍ കാണിച്ചിട്ടുള്ള ശ്രീജിത്ത് ബിനാമിയാണെന്നും ചന്ദ്രമതിക്ക് ഇങ്ങനെയൊരു മകനില്ല എന്നും പറയുന്നു. അതേസമയം മരിച്ചു പോയ മറ്റൊരു ചന്ദ്രമതിയുടെ അക്കൗണ്ട് രേഖകളാണ് ഈ വാര്‍ത്ത കെട്ടിച്ചമക്കാനായി ഇ ഡി ഉപയോഗിച്ചത്. ഇവരുടെ മകന് ശ്രീജിത്ത് അക്കൗണ്ടിലെ നോമിനിയുമാണ്.അരവിന്ദാക്ഷന്റെ പിതാവിന്റെ പേരും മരിച്ചു പോയ ചന്ദ്രമതിയുടെ ഭര്‍ത്താവിന്റെ പേരും രാഘവന് എന്നു തന്നെ ആയതും വ്യാജരേഖ ചമയ്ക്കുന്നത് ഇഡിക്ക് എളുപ്പമാക്കി.
ഒരാളെ വേട്ടയാടാന്‍ തീരുമാനിച്ചാല്‍ ഇ ഡി ഏതറ്റം വരെയും പോകും എന്നതിന് തെളിവാണ് പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ അക്കൗണ്ടിന്റെ പേരില്‍ പി ആര് അരവിന്ദാക്ഷനെ കുടുക്കിയത്.ഇതില്‍ മരിച്ചു പോയ ചന്ദ്രമതിയുടെ പേരിലുള്ള റേഷന്‍ കാര്‍ഡില്‍ ഭര്‍ത്താവ് രാഘവന്, മകന് ശ്രീജിത്ത് എന്നിവരുടെ പേരുകളും വ്യക്തമാണ്. രാഷ്ട്രീയ വിരോധത്തിന്റെ അടിസ്ഥാനത്തില്‍ വ്യാജ തെളിവ് സൃഷ്ടിച്ചെടുത്ത് നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്ന അന്വേഷണ ഏജൻസിയായി ഇ ഡി മാറുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്.
സിപിഐ എം നേതാക്കളുടെ പേര് പറയാനും വ്യാജമൊഴി നല്കാനുമായി ഇ ഡി ഉദ്യോഗസ്ഥര്‍ അരവിന്ദാക്ഷനെ ചോദ്യം ചെയ്യലിനിടെ മര്‍ദിച്ചിരുന്നു.ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് അരവിന്ദാക്ഷന്റെ കുടുംബം.