ചണ്ഡീഗഡ്: കര്‍ഷകരുടെ ട്രെയിൻതടയല്‍ സമരത്തെതുടര്‍ന്ന് പഞ്ചാബില്‍ രണ്ടാം ദിവസവും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പ്രളയംമൂലം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം തരണം ചെയ്യാൻ പാക്കേജ് പ്രഖ്യാപിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷ സമരം.
മോഗാ, ഹോഷിയാര്‍പുര്‍, ഗുര്‍ദാസ്പുര്‍, ജലന്ധര്‍, സംഗ്രൂര്‍, പട്യാല, ഫിറോസ്പുര്‍, ഭട്ടിൻഡ, അമൃത്സര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘടിച്ചെത്തിയ കര്‍ഷകര്‍ റെയില്ട്രാക്കുകളിലിരുന്ന് പ്രതിഷേധിച്ചു. ചണ്ഡീഗഢ്–- അംബാല ദേശീയപാതയും കര്‍ഷകര്‍ ഉപരോധിച്ചു.
സംഭവത്തെത്തുടർന്ന് 90 എക്സ്പ്രസ് ട്രെയിനുകളും 150 പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. ചിലത് വഴിതിരിച്ചുവിട്ടു. ശനിയാഴ്ചയും പ്രതിഷേധം തുടരുമെന്ന് കിസാൻ മസ്ദൂര്‍ സംഘര്‍ഷ് സമിതി നേതാക്കള്‍ പറഞ്ഞു.