തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ചിത്രത്തില്‍ ചെരുപ്പ് മാലയിട്ടും ആദരാഞ്ജലി അര്‍പ്പിച്ചുമാണ് മിക്കയിടങ്ങളിലും പ്രതിഷേധം. തമിഴ്‌നാട് അതിര്‍ത്തിയായ അത്തിബലെയില്‍ തമിഴ്‌നാട് സ്വദേശികളുടെ വാഹനങ്ങള്‍ കന്നഡ സംഘടനകള്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.
കേന്ദ്രസേനയെ വിന്യസിച്ചാണ് ബംഗളുരുവില്‍ സര്‍ക്കാര്‍ ബന്ദിനെ നേരിടുന്നത്. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ബെംഗളൂരു വിമാനത്താവളത്തിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ച കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബംഗളുരുവില്‍ നിന്നുള്ള 44 വിമാന സര്‍വീസുകള്‍ റദ്ദാക്കി. മുബൈ, മംഗളുരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. കന്നഡരക്ഷണ വേദികെയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധപരിപാടികള്‍ നടക്കുകയാണ്. മൈസൂര്‍, മണ്ടിയ, ബെലഗാവി എന്നിവിടങ്ങളില്‍ ദേശീയപാതകള്‍ സമരക്കാര്‍ ഉപരോധിക്കുന്നുണ്ട്.
അനിഷ്ടസംഭവങ്ങള്‍ തടയാൻ ബംഗളുരുവില്‍ ഇന്നലെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട് സ്വദേശികള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങളില്‍ ദ്രുതകര്‍മസേനയുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിനുള്ള ജലവിഹിതം വിട്ടു നല്കരുതെന്നാവശ്യപ്പെട്ടാണ് കന്നഡ സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത് . 5000 ക്യുസെക്സ് വെള്ളം തമിഴ്നാടിന് നല്‍കണമെന്നാണ് കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ നിര്‍ദേശം.