CrimeNEWS

പാമ്പിനെ എറിഞ്ഞു ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അകത്തായി; ജാമ്യത്തിലിറങ്ങി വീണ്ടും അക്രമം

തിരുവനന്തപുരം: വൈരാഗ്യത്തിന്റെ പേരില്‍ പാമ്പിനെ വീടിനുള്ളിലേക്ക് എറിഞ്ഞു ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ജാമ്യത്തില്‍ ഇറങ്ങി വീണ്ടും ആക്രമണം നടത്തി. പ്രതിയെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസിന് കൈമാറി. അമ്പലത്തിന്‍കാല കുളവിയോട് എസ്‌കെ സദനത്തില്‍ കിച്ചു (30) ആണ് അമ്പലത്തിന്‍കാല സ്വദേശി രാജേന്ദ്രന്റെ വീട്ടിലെത്തി അസഭ്യവര്‍ഷവുമായി അക്രമം നടത്തിയത്.

ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയായിരുന്നു സംഭവം. കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് പ്രതി ബഹളം വെക്കുകയും ആക്രമിക്കാന്‍ വരുകയും ചെയ്തുവെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാര്‍ ബഹളം വെച്ചതോടെ സമീപത്തെ ചിലരും ഓടിയെത്തി. എല്ലാവരും ചേര്‍ന്ന് ഇയാളെ തടഞ്ഞുനിര്‍ത്തി. കുതറി മാറാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ക്ക് നിലത്തുവീണ് പരിക്കേറ്റു. തുടര്‍ന്ന്, ഇയാളെ പിടികൂടിവെച്ചു കാട്ടാക്കട പോലീസില്‍ അറിയിക്കുകയും പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Signature-ad

ആഴ്ചകള്‍ക്ക് മുന്‍പാണ് കിച്ചു പാമ്പിന് എറിഞ്ഞ് രാജേന്ദ്രനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നത്. പുലര്‍ച്ചെ മൂന്നരയോടെ വീടിന് പുറത്ത് അസ്വാഭാവികമായി ആള്‍പെരുമാറ്റം കേട്ട് രാജേന്ദ്രന്‍ ഉണര്‍ന്നു നോക്കുമ്പോള്‍ പ്രതി പാമ്പിനെ ജനലിലൂടെ വലിച്ചെറിഞ്ഞശേഷം പോകുന്നത് കണ്ടു. തുടര്‍ന്ന്, പാമ്പിനെ അടിച്ചുകൊന്നു വലിച്ചെറിഞ്ഞ ശേഷം കാട്ടാക്കട പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ആദ്യം കഥയെന്നാണ് കരുതിയിരുന്നതെങ്കിലും പോലീസിന്റെ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടു കൂടുതല്‍ അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് പ്രതിക്കെതിരെ രാജേന്ദ്രന്‍ നല്‍കിയ പരാതിയുടെ പേരിലെ വൈരാഗ്യത്തിലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ നേരത്തെ സമ്മതിച്ചിരുന്നു.

 

 

Back to top button
error: