ലഖ്നൗ: അലിഗഡില്‍ അയല്ക്കാരന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നു പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹാലിഹീന് (20), സഹോദരന് റിസ്വാന് (18) എന്നിവരാണു പിടിയിലായത്.
കോത്വാലി പോലീസ് സ്റ്റേഷന് പരിധിയിലെ തുര്‍ക്ക്മാന്‍ ഗേറ്റിന് സമീപത്തെ വീട്ടില്‍ നിന്നാണ് ചാക്കില്‍ കെട്ടിയനിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പിന്നീട് പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണു കൊല്ലപ്പെടുന്നതിന് മുന്‍പ് കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായത്.
പാന്‍ മസാലയും ചിപ്സും വാങ്ങാന്‍ പറഞ്ഞ് കുട്ടിയെ 20 രൂപ നല്കി കടയില്‍ പറഞ്ഞുവിട്ടെന്നും തിരിച്ചെത്തിയപ്പോള്‍ വീടിനുള്ളിലേക്കു വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചെന്നും സുഹാലിഹീന് പറഞ്ഞതായി പൊലീസ് അറിയിച്ചു. പിന്നീട് സഹോദരനും കുട്ടിയെ പീഡിപ്പിച്ചെന്നും മരിച്ചെന്നു മനസ്സിലായതോടെ മൃതദേഹം ചാക്കിലാക്കിയതെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞിട്ടുണ്ട്.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കുട്ടി പ്രതികളുടെ വീട്ടിലേക്കു പോകുന്നത് കണ്ടത്.