കോട്ടയം: കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിലെ പ്രതി പാറമ്പുഴ സ്വദേശി റോബിന്‍ ജോര്‍ജ്
പിടിയില്‍. തമിഴ്‌നാട്ടിലെ ഒളി സങ്കേതത്തില്‍ നിന്നാണ് ജില്ലാ പോലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡും ഗാന്ധിനഗര്‍ പോലീസും ചേര്‍ന്ന് ഇയാളെ പിടികൂടിയത്. പ്രതിയെ കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘം നടത്തിയ പരിശോധനയില്‍ കുമാരനല്ലൂര്‍ വല്യാലിന്‍ചുവട്ടില്‍ പ്രവര്‍ത്തിക്കുന്ന ഡെല്‍റ്റ കെ 9 നായ വളര്‍ത്തല്‍ പരിശീലന കേന്ദ്രത്തില്‍നിന്ന് 18 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. സംഭവസ്ഥലത്തുനിന്ന് പ്രതി പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു.
നായ വളര്‍ത്തലിന്റെ മറവിലാണ് റോബിന്‍ വീട്ടില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. വിദേശ ബ്രീഡില്‍ അടക്കം വരുന്ന 13 ഓളം നായ്ക്കളെയാണ് ഇയാള്‍ വീട്ടില്‍ വളര്‍ത്തിയിരുന്നത്. ഇവയുടെ കാവലിലായിരുന്നു കഞ്ചാവ് കച്ചവടം. ലഹരിവിരുദ്ധ സ്‌ക്വാഡ് വീട്ടിലേക്കു കയറിയതും അക്രമകാരികളായ നായ്ക്കള്‍ കുരച്ചുചാടി. അതിസാഹസികമായി നായ്ക്കളെ കീഴ്‌പ്പെടുത്തിയ ശേഷം ഉദ്യോഗസ്ഥര്‍ വീടിനുള്ളിലേക്ക് കടക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് വീട്ടില്‍നിന്ന് 18 കിലോ കഞ്ചാവ് കണ്ടെടുത്തത്.