തിരുവനന്തപുരം: ആയുഷ് വകുപ്പില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് കോഴവാങ്ങിയെന്ന ആരോപണത്തിലെ ഇടനിലക്കാരനും പത്തനംതിട്ടയിലെ സി.പി.എം. പ്രവര്‍ത്തകനുമായ അഖില്‍ സജീവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍. നോര്‍ക്കാ റൂട്സില്‍ നിയമനം വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം രൂപ തട്ടിയെന്ന ആരോപണവുമായി അഭിഭാഷകന് രംഗത്തെത്തി. ഭാര്യയ്ക്ക് നോര്‍ക്കാ റൂട്സില്‍ ജോലി വാഗ്ദാനം ചെയ്ത് പത്തുലക്ഷം രൂപയാണ് അഖില്‍ സജീവ് ആവശ്യപ്പെട്ടതെന്ന് അഭിഭാഷകനായ ശ്രീകാന്ത് വെളിപ്പെടുത്തി.
2019-ലായിരുന്നു സംഭവം. അഞ്ചുലക്ഷം രൂപ അഡ്വാന്‍സായി നല്കി. പത്തനംതിട്ട സി.ഐ.ടി.യു. ഓഫീസ് സെക്രട്ടറിയാണെന്ന് പറഞ്ഞാണ് അഖില്‍ സജീവ് പരിചയപ്പെടുത്തിയത്. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നല്‍കിയതെന്നും ശ്രീകാന്ത് പറയുന്നു.
ജിക്കു ജേക്കബ് എന്നയാളാണ് അഖിലിനെ പരിചയപ്പെടുത്തുന്നത്. പത്തനംതിട്ടയിലെ പ്രാദേശിക നേതാവായ ജയകുമാര്‍ വള്ളിക്കോട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പിടിപാടുള്ള ആളാണെന്നും അദ്ദേഹം വഴി ജോലി ശരിയാക്കാം എന്നായിരുന്നു വാഗ്ദാനം. താന്‍ നല്കിയ പണം ജയകുമാറിനാണ് നല്‍കിയതെന്ന് അഖില്‍ പറഞ്ഞുവെന്നും ശ്രീകാന്ത് ആരോപിച്ചു.
പാര്‍ട്ടിയില്‍ പരാതിപ്പെട്ടപ്പോള്‍ തനിക്ക് പണം ഒരുമാസത്തിനുള്ളില്‍ തിരികെ നല്‍കണമെന്ന് അഖിലിന് നിര്‍ദേശം നല്കി. ഇതേത്തുടര്‍ന്ന് തവണകളായി 2022 മേയ് ആകുമ്പോഴേക്കും മുഴുവന്‍ തുകയും പലതവണകളായി തിരിച്ചുതന്നു. നിങ്ങള്‍ കാരണം തന്റെ ജോലിയും സ്ഥാനങ്ങളും മാനവും പോയെന്ന് അന്ന് അഖില്‍ പറഞ്ഞിരുന്നു. ഈ പരാതിയെത്തുടര്‍ന്നാണ് അന്ന് അഖിലിനെ മാറ്റി നിര്‍ത്തിയത്. തനിക്ക് ഭാര്യയും മക്കളും ഉള്ളതാണെന്നും ഇനിയും താങ്കള്‍ ഇതുമായി മുന്നോട്ടുപോയാല്‍ അത്മഹത്യചെയ്യുമെന്നും അഖില്‍ സജീവ് ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന്, തനിക്ക് ലഭിക്കേണ്ട പണം മുഴുവനായി കിട്ടിയതിനാല്‍ താന്‍ പരാതിയുമായി മുന്നോട്ടുപോയില്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി. സി.പി.എമ്മിന്റെ സംസ്ഥാന നേതാവിനോടാണ് പരാതി പറഞ്ഞതെന്നും പേര് ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അഡ്വ. ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
മുമ്പ് സി.ഐ.ടി.യു. പത്തനംതിട്ട ജില്ലാ ഓഫീസ് ജീവനക്കാരനായിരുന്ന അഖില്‍ സജീവിനെ കളക്ഷന്‍ ഫണ്ട് തിരിമറിയുടെ പേരില്‍ ജോലിയില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. ഈ സംഭവത്തില്‍ രണ്ടരലക്ഷത്തോളം രൂപ തിരിച്ചടക്കേണ്ടിവന്നിട്ടുമുണ്ട്. പത്തനംതിട്ട പോലീസ് അന്ന് കേസ് എടുത്തിരുന്നു. ദേവസ്വത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞും ഇയാള്‍ തട്ടിപ്പു നടത്തിയതായി ആരോപണമുണ്ടായിരുന്നു. വിസ തട്ടിപ്പിലും ഇയാള്‍ക്കുനേരെ ആരോപണം ഉണ്ടായിട്ടുണ്ട്.