KeralaNEWS

പാലക്കാട് കൊടുമ്പിൽ കണ്ടെത്തിയത് ഷിജിത്ത്, സതീഷ് എന്നിവരുടെ മൃതദേഹങ്ങൾ, വൈദ്യുതിക്കെണിയിൽ പെട്ടു മരിച്ച ഇവരുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടത് സ്ഥല ഉടമ അനന്തൻ

  പാലക്കാട് കൊടുമ്പിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കാണാതായ ഷിജിത്ത്, സതീഷ് എന്നിവരുടേതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു.  കാട്ടുപന്നിക്കു വച്ച വൈദ്യുതി കെണിയിൽ പെട്ടാണ് യുവാക്കൾ മരിച്ചതെന്നും സ്ഥല ഉടമ അനന്തനാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടതെന്നും പൊലീസ് അറിയിച്ചു. വയറു കീറിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരാളുടെ കാലിനു മുകളിൽ മറ്റൊരാളുടെ തലവരുന്ന രീതിയിൽ ഒന്നിനു മുകളിൽ ഒന്നായാണ് രണ്ടു മൃതദേഹങ്ങളും കിടന്നിരുന്നത്.

യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പ്രതി അനന്തനുമായി എത്തി പൊലീസ് തെളിവെടുപ്പു നടത്തി. മരിച്ച യുവാക്കളുടെ ചെരുപ്പും വസ്ത്രങ്ങളും അതിനടുത്തു നിന്ന് ലഭിച്ചു. ഇന്നലെ വൈകിട്ടാണ് അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപത്തെ നെൽപാടത്തു 2 യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കാട്ടുപന്നിക്കു വച്ച വൈദ്യുതിക്കെണിയിൽ പെട്ടാണ് യുവാക്കൾ മരിച്ചതെന്നും മൃതദേഹങ്ങൾ കണ്ടപ്പോഴുണ്ടായ പരിഭ്രാന്തിയിൽ കുഴിച്ചിട്ടതാണ് എന്നും സ്ഥല ഉടമയായ അനന്തൻ പൊലീസിൽ മൊഴിനൽകി.

ഞായറാഴ്ച രാത്രി വേനോലിയിൽ ഒരു സംഘവുമായുണ്ടായ സംഘട്ടനത്തെ തുടർന്ന് കസബ പൊലീസ് സതീഷ്, ഷിജിത്ത്, അഭിൻ, അജിത്ത് എന്നിവർക്കെതിരെ  കേസെടുത്തിരുന്നു. അന്വേഷണം നടക്കുന്നതിനിടെ 4 പേരും അമ്പലപ്പറമ്പില സതീഷിന്റെ ബന്ധുവീട്ടിലെത്തി. ഇതിനിടെ, പുലർച്ചെ പൊലീസ് സ്ഥലത്തെത്തിയെന്നു ഭയന്ന് ഇവർ ബന്ധുവീട്ടിൽ നിന്നു പാടത്തേക്കിറങ്ങിയോടി. അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു ദിക്കിലേക്കുമാണ് ഓടിയത്.

അഭിനും അജിത്തും  വേനോലിയിൽ എത്തിയെങ്കിലും സതീഷിനെയും ഷിജിത്തിനെയും കണ്ടെത്താനായില്ല. ഫോൺ വിളിച്ചപ്പോഴും ലഭിച്ചില്ല. ഇതോടെ അഭിനും അജിത്തും നേരെ കസബ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് സംഘം പരിസരത്തു നടത്തിയ തിരിച്ചിലിലാണു പാടത്തു മണ്ണ് ഇളകിയ നിലയിലും ആ മണ്ണു നീക്കിയപ്പോൾ മൃതദേഹങ്ങളും കണ്ടെത്തിയത്. സ്ഥലം ഉടമയെ ചോദ്യം ചെയ്തതോടെ കാട്ടുപന്നിയെ കുടുക്കാൻ വച്ച വൈദ്യുതിക്കെണിയിൽ പെട്ടാണു ഇരുവരും മരിച്ചതെന്നു വ്യക്തമായി. പാടത്തു കുഴിയെടുത്തു മൃതദേഹം മറവു ചെയ്തതായും  ഇയാൾ സമ്മതിച്ചു. ചതുപ്പിൽ താഴ്ന്നു കിടക്കാനാണ് പ്രതി, യുവാക്കളുടെ വയറ്റിൽ ആഴത്തിൽ മുറിവുണ്ടാക്കിയത്.

തെക്കേംകുന്നം സ്വദേശി മണികണ്ഠന്റെയും ഉദയകുമാരിയുടെയും മകനായ ഷിജിത്ത് പെയിന്റിങ് തൊഴിലാളിയാണ്. കാളാണ്ടിത്തറ കൃഷ്ണകുമാരിയുടെയും പരേതനായ മാണിക്കന്റെയും മകനായ സതീഷ് കൂലിപ്പണിക്കാരനാണ്

പുറത്തെടുത്ത മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കും.

കാട്ടുമൃ​ഗങ്ങളെ അകറ്റാനുള്ള വൈദ്യുതിക്കെണിയിൽപ്പെട്ട് ഒന്നര വർഷത്തിനിടെ പത്തു പേരാണ് മരിച്ചത്. ഇതിൽ ഏഴു മരണവും പാലക്കാട്ടാണ് നടന്നത്. കഴിഞ്ഞ മെയ് മാസം രണ്ടു പൊലീസുകാർ വൈദ്യുതിക്കെണിയിൽ പെട്ട് മരിച്ചിരുന്നു.

Back to top button
error: