തിരുവനന്തപുരം: പൂജപ്പുര ജയിലിലെ സെല്ലില്‍നിന്ന് മൊബൈല്‍ഫോണ്‍ കണ്ടെടുത്ത സംഭവത്തില്‍ തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സന്തോഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ജയിലിനുള്ളില്‍ തടവുകാരന് ഉപയോഗിച്ചിരുന്ന ഫോണിലേക്ക് സന്തോഷ് കുമാര്‍ ബന്ധപ്പെട്ടതായി കണ്ടെത്തിയിരുന്നു.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജോലിചെയ്തിരുന്ന സന്തോഷ് കുമാറിനെ ഫോണ്‍ കണ്ടെടുത്ത സംഭവത്തില്‍ ആരോപണം നേരിട്ടതിനെ തുടര്‍ന്നാണ് സ്പെഷ്യല്‍ സബ് ജയിലിലേക്കു മാറ്റിയത്.
ഓഗസ്റ്റ് 27-നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഒന്നാം ബ്ലോക്കിലെ മുറിയില്‍നിന്ന് മൊബൈല്‍ഫോണും സിംകാര്‍ഡും ലഭിച്ചത്. ഇത് പൂജപ്പുര പോലീസിനു കൈമാറിയിരുന്നു. ഇതിലേക്കുള്ള ഫോണ്‍ വിളികള്‍ പരിശോധിച്ചപ്പോഴാണ് ജയില്‍ ഉദ്യോഗസ്ഥന്റെ ബന്ധം വെളിപ്പെട്ടത്. തടവുകാരുമായുള്ള സാമ്പത്തികയിടപാടുകളും പോലീസ് കണ്ടെത്തിയിരുന്നു. ജയിലിനുള്ളിലേക്ക് ലഹരി കടത്തുന്നതിന് ജയില്‍ ഉദ്യോഗസ്ഥരുടെ സഹായം തടവുകാര്‍ക്കു കിട്ടുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ചും വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.
ജയിലിനുള്ളില്‍നിന്ന് മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതിന് തടവുകാരന് റിയാസിനെ പ്രതിയാക്കി പൂജപ്പുര പോലീസ് കേസെടുത്തിട്ടുണ്ട്. ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ പോലീസ് ജയില്‍വകുപ്പിനു കൈമാറും.