CrimeNEWS

യുവാക്കളുടെ മരണം പന്നിക്കുവച്ച ഇലക്ട്രിക് കെണിയില്‍പ്പെട്ട്; ഭയപ്പാടില്‍ സ്ഥലംഉടമ മൃതദേഹങ്ങള്‍ കുഴിച്ചുമൂടി

പാലക്കാട്: കൊടുമ്പ് പഞ്ചായത്തിലെ കരിങ്കപ്പുള്ളിയില്‍ വയലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ പുറത്തെടുത്തു. വസ്ത്രങ്ങളില്ലാതെ ഒന്നിനു പിറകെ ഒന്നായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാരോക്കോട്ടുപുര ഷിജിത്ത് (22), പുതുശ്ശേരി കാളാണ്ടിത്തറ സതീഷ് (22) എന്നിവരുടേതാണ് മൃതദേഹങ്ങളെന്ന് തിരിച്ചറിഞ്ഞു. പന്നിക്കുവച്ച കെണിയില്‍പ്പെട്ടാണ് യുവാക്കള്‍ മരിച്ചതെന്ന് സ്ഥലം ഉടമ അനന്തന്റെ മൊഴിയുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെ യുവാക്കള്‍ ഈ ഭാഗത്തേക്ക് വരുന്നത് സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്. മണ്ണ് മാറിക്കിടക്കുന്നതു കണ്ട് സ്ഥലം പരിശോധിച്ചതോടെ യുവാക്കളുടെ മൃതദേഹം അവിടെയുണ്ടെന്ന നിഗമനത്തിലെത്തി.

Signature-ad

തിങ്കളാഴ്ച പുലര്‍ച്ചേ സ്ഥലമുടമ പാടത്തെത്തിയപ്പോള്‍ മൃതദേഹം കണ്ടെന്നാണ് പോലീസിന് നല്‍കിയ മൊഴി. പന്നിയെ പ്രതിരോധിക്കാനായി വെച്ച ഇലക്ട്രിക് കെണിയില്‍പ്പെട്ടാണ് യുവാക്കള്‍ മരിച്ചതെന്ന് മനസ്സിലാക്കിയ ഇയാള്‍, മൃതദേഹങ്ങള്‍ കുഴിച്ചിടുകയായിരുന്നു. സംഭവത്തില്‍ സ്ഥലമുടമയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.

അതേസമയം, മരിച്ച സതീഷിന്റെ അമ്മ കസബ പോലീസില്‍ മകനെ കാണാതായതു സംബന്ധിച്ച പരാതി നല്‍കിയിരുന്നു. എന്നാല്‍ ആ ഘട്ടത്തില്‍ പോലീസ് പരാതി സ്വീകരിച്ചില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. മറ്റു രണ്ട് യുവാക്കള്‍ പോലീസില്‍ കീഴടങ്ങിയപ്പോള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന വ്യാപിപ്പിച്ചത്.

 

Back to top button
error: