IndiaNEWS

പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ സൈനികൻ അറസ്റ്റില്‍

ന്യൂഡൽഹി:പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ സൈനികൻ അറസ്റ്റിൽ.ഉത്തർപ്രദേശ് സ്വദേശിയായ ഷൈലേന്ദ്ര സിങ് ചൗഹാൻ(38) ആണ് അറസ്റ്റിലായത്.

പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയ്ക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച്‌ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സേനയാണ്(എടിഎസ്) ഇയാളെ അറസ്റ്റ് ചെയ്തത്.

കാസ്ഗഞ്ചിലെ പട്യാലി നിവാസിയായ ഇയാള്‍ അരുണാചല്‍ പ്രദേശിൽ  ആര്‍മിയിലെ ഡ്രൈവറായിരുന്നു.വാഹനങ്ങളുടെ ലൊക്കേഷനും നീക്കവുമായി ബന്ധപ്പെട്ട സൈന്യത്തെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ഇയാള്‍ ഐഎസ്‌ഐയ്ക്ക് കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിനു വേണ്ടി ലഖ്‌നോവിലെ എടിഎസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Signature-ad

കഴിഞ്ഞ ഒൻപത് മാസമായി സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഷൈലേന്ദ്ര സിങ് ചൗഹാന്‍ വാട്‌സ്‌ആപ്പിലൂടെ പങ്കുവെച്ചതായി എടിഎസ് അറിയിച്ചു.വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച്‌ ഐഎസ്‌ഐക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹര്‍ലീന്‍ കൗര്‍ എന്ന സ്ത്രീയുമായി ഇയാള്‍ ഫേസ്ബുക്ക് വഴി ബന്ധപ്പെടുകയും മെസഞ്ചറില്‍ സംസാരിക്കുകയും ചെയ്തു. പിന്നീട് വാട്ട്‌സ്‌ആപ്പിലെ ഓഡിയോ കോളുകള്‍ വഴി ഐഎസ് ഐ ഏജന്റായിരുന്ന പ്രീതി എന്ന സ്ത്രീയുമായി സംസാരിക്കുകയും വിവരങ്ങൾ കൈമാറുകയുമായിരുന്നു.

പ്രീതിയും ഹര്‍ലീന്‍ കൗറും വ്യാജ ഐഡന്റിറ്റിയുള്ള ഐഎസ്‌ഐ ഉദ്യോഗസ്ഥരാണെന്ന് എടിഎസ് അറിയിച്ചു.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Back to top button
error: