Social MediaTRENDING

ഭക്ഷണം കഴിച്ച ശേഷം ഉപഭോക്താക്കള്‍ക്ക് അത് പാചകംചെയ്തയവരെ നേരിട്ട് റിവ്യൂ അറിയിക്കാം, ടിപും എത്തിക്കാം; സൊമാറ്റോയുടെ പുതിയ ഫീച്ചറിനെതിരെ വിമര്‍ശനം

ത് ഓൺലൈൻ ഫുഡ് ഡെലിവെറികളുടെ കാലമാണെന്ന് തന്നെ പറയാം. അത്രമാത്രം വ്യാപകമായിരിക്കുന്നു ഇന്ന് ഓൺലൈൻ ഫുഡ് ഓർഡറുകൾ. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ ആണ് ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുള്ളത്. ഉപഭോക്താക്കൾ വർധിച്ചതോടെ തന്നെ ഓൺലൈൻ ഫുഡ് ഡെലിവെറി ആപ്പുകളെല്ലാം തന്നെ ഉഷാറായി നിൽക്കുകയാണ്. പല പരാതികൾ ഉയരാറുണ്ടെങ്കിലും ഈ കമ്പനികളെല്ലാം തന്നെ പരമാവധി ലാഭമെടുക്കാനുള്ള മുന്നേറ്റത്തിലാണ് ഇപ്പോൾ.

ഇതിൻറെ ഭാഗമായി ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും അവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുമായി പല ഓഫറുകൾ, അതുപോലെ ആപ്പിൽ തന്നെ പല പുതിയ ഫീച്ചറുകൾ എന്നിങ്ങനെ ഓരോന്നും കമ്പനികൾ ഇറക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സൊമാറ്റോ കൊണ്ടുവരുന്ന പുതിയൊരു ഫീച്ചറിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. ഭക്ഷണം കഴിച്ച ശേഷം ഉപഭോക്താക്കൾക്ക് അത് തയ്യാറാക്കിയ റെസ്റ്റോറൻറിലെ അടുക്കളയിലെ ജീവനക്കാർക്ക് നേരിട്ട് റിവ്യൂ (അഭിപ്രായം) അറിയിക്കുകയും അതുപോലെ അവർക്ക് ടിപ് നൽകുകയും ചെയ്യാമെന്നതാണത്രേ ഈ ഫീച്ചറിൻറെ പ്രത്യേകത.

Signature-ad

സൊമാറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യമറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് സന്തോഷം വരുന്ന പുതിയ ഫീച്ചറെന്ന നിലയിലാണ് ഇവരിത് പരിചയപ്പെടുത്താൻ ശ്രമിച്ചതെങ്കിലും ഏറെയും നെഗറ്റീവ് കമൻറുകളാണ് ആളുകളിൽ നിന്ന് ലഭിച്ചിരിക്കുന്നത്. മിക്കവർക്കും ഈ ഫീച്ചർ വഴി നൽകുന്ന ടിപ് റെസ്റ്റോറൻറിലെ അടുക്കളയിലെ ജീവനക്കാർക്ക് തന്നെയാണ് പോകുന്നത് എന്നതിന് എന്ത് ഉറപ്പ് നൽകാനാകുമെന്ന സംശയമാണ് ചോദിക്കാനുള്ളത്, ആപ്പ് കുറെക്കൂടി സുതാര്യമാണെങ്കിൽ വിശ്വസിക്കാമെന്ന് പലരും കമൻറിലൂടെ കുറിക്കുന്നു. അതേസമയം ഭക്ഷണത്തിനും അതിൻറെ ജിഎസ്ടിക്കും ഡെലിവെറിക്കുമെല്ലാം പണം നൽകുന്ന ഉപഭോക്താക്കൾ തന്നെ അടുക്കളയിൽ ജോലി ചെയ്യുന്നവർക്കും ടിപ് നൽകണമെന്ന പുതിയ ഫീച്ചർ ഉപഭോക്താക്കൾക്ക് ഗുണകരമല്ല- അതിൻറെ ആവശ്യമില്ല എന്ന തരത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നവരും ഏറെ.

ടിപ് സമ്പ്രദായത്തോട് തന്നെ വിമുഖത കാട്ടുന്നവരും ഏറെയാണ്. എന്തായാലും പുതിയ ഫീച്ചർ കൊണ്ടുവരുന്നതിന് മുമ്പ് തന്നെ സംഗതി, ചർച്ചയായി എന്ന് സാരം. നേരത്തെ പലപ്പോഴായി സൊമാറ്റോ- സ്വിഗ്ഗി ജീവനക്കാരുടെ ശമ്പളം- മറ്റ് ആനുകൂല്യങ്ങൾ സംബന്ധിച്ച് ഒട്ടേറെ പരാതികളുയരുകയും അതിൽ ചർച്ചകളുയരുകയുമെല്ലാം ചെയ്തിരുന്നു. എന്നാൽ ഇക്കാര്യങ്ങളിലൊന്നും കമ്പനികൾ പുനർചിന്തനം നടത്തിയിട്ടില്ല. ഇതും ചിലരെങ്കിലും ചൂണ്ടിക്കാട്ടുന്നുണ്ട്.

Back to top button
error: