KeralaNEWS

പ്രതിപക്ഷ നേതാവാകാൻ ഭൂരിപക്ഷം എംഎല്‍എമാരും പിന്തുണച്ചത് രമേശ് ചെന്നിത്തലയെ; ആയത് വി ഡി സതീശൻ

തിരുവനന്തപുരം: പ്രതിപക്ഷനേതാവാകാൻ ഭൂരിപക്ഷം പാര്‍ട്ടി എംഎല്‍എമാരുടെയും പിന്തുണ രമേശ് ചെന്നിത്തലക്കായിരുന്നുവെന്ന് ഉമ്മൻചാണ്ടിയുടെ ആത്മകഥയില്‍ വെളിപ്പെടുത്തല്‍.ഇത് മറികടന്നാണ് ഹൈക്കമാൻഡ് വി. ഡി സതീശന്റെ പേര് പ്രഖ്യാപിച്ചതെന്നും ആത്മകഥയില്‍ പറയുന്നു.

പാഴായ ഭൂരിപക്ഷ പിന്തുണ എന്ന പേരിലെ അധ്യായത്തിലാണ് ചെന്നിത്തലയെ വെട്ടിയതിനെ കുറിച്ചുള്ള നിര്‍ണ്ണായക പരാമര്‍ശം.നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എംഎല്‍എമാരുടെ അഭിപ്രായം ഹൈക്കമാൻഡ് പ്രതിനിധികള്‍ നേരിട്ടെത്തി അറിഞ്ഞശേഷമായിരുന്നു ചെന്നിത്തലയെ വെട്ടി വിഡി സതീശനെ പ്രതിപക്ഷനേതാവാക്കിയത്. ഭൂരിപക്ഷ പിന്തുണ അനുസരിച്ചുള്ള തീരുമാനമെന്നായിരുന്നു വിശദീകരണമെങ്കില്‍ അതല്ല സംഭവിച്ചതെന്നാണ് കാലം സാക്ഷിയെന്ന് ആത്മകഥയില്‍ ഉമ്മൻചാണ്ടി പറയുന്നത്.

ഹൈക്കമാൻ‍ഡ് ആരെയെങ്കിലും പേര് നിര്‍ദ്ദേശിക്കുന്നില്ലെങ്കില്‍ രമേശ് തുടരട്ടെ എന്നായിരുന്നു തൻ്റെ നിലപാടെന്ന് ഉമ്മൻചാണ്ടി പറയുന്നു. എഐസിസി നിലപാടറിയാല്‍ കെസി വേണുഗോപാലിൻറെ തിരുവനന്തപുരത്തെ വീട്ടില്‍ താൻ നേരിട്ട് പോയി. എന്തെങ്കിലും നിര്‍ദ്ദേശമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇതുവരെ ഇല്ലെന്നായിരുന്നു മറുപടി. എന്തെങ്കിലുമുണ്ടെങ്കില്‍ ചോദിച്ചുപറയാമെന്നു പറഞ്ഞെങ്കിലും പിന്നെ കെസി പ്രതികരിച്ചില്ല എന്നും ആത്മകഥയിൽ പറയുന്നു.

Back to top button
error: