KeralaNEWS

പാര്‍ട്ടി വിട്ടവര്‍ പോയത് ഈര്‍ക്കിലി പാര്‍ട്ടിയിലേക്ക്; കുട്ടനാട്ടിലെ സിപിഎം ജാഥയില്‍ സിപിഐക്ക് പരിഹാസം

ആലപ്പുഴ: കുട്ടനാട്ടിലെ സിപിഎം ജാഥയില്‍ ഉടനീളം സിപിഐക്ക് പരിഹാസവും വിമര്‍ശനവും. പാര്‍ട്ടി വിട്ടവര്‍ പോയത് ഈര്‍ക്കിലി പാര്‍ട്ടിയിലേക്കാണ്. കഴുതയെ പോലെ ചിന്തിക്കുന്ന കുറെ മനുഷ്യരാണ് പാര്‍ട്ടിവിട്ടതെന്ന് കുട്ടനാട് ഏരിയാ കമ്മിറ്റി അംഗം സി.പി ബ്രീവന്‍ പരിഹസിച്ചു.

പാര്‍ട്ടി വിട്ടവരെ വെല്ലുവിളിച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പ്രസാദും രംഗത്തെത്തി.റിവിഷനിസ്റ്റുകളെ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് നന്നായി അറിയാം. പാര്‍ട്ടി വിട്ടവരെ വെച്ച് ജാഥ സംഘടിപ്പിക്കുന്നത് കാണണം. ഒരു ജാഥ സംഘടിപ്പിച്ചാല്‍ അടുത്ത ദിവസം അതിലും വലിയ ജാഥ സംഘടിപ്പിക്കും. രാമങ്കരിയിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പരാമര്‍ശം. അതേസമയം, കുട്ടനാട്ടിലെ വിഭാഗീയത പരിഹരിച്ചു എന്നായിരുന്നു സിപിഎമ്മിന്റെ ആദ്യ വാദം. ഇതിനു പിന്നാലെയാണ് കുട്ടനാട്ടില്‍ നിന്ന് നേതാക്കളടക്കം 222 പേര്‍ സിപിഐയില്‍ ചേര്‍ന്നത്.

Signature-ad

അതിനിടെ, നൂറുകണക്കിന് പേര്‍ സിപിഎമ്മില്‍ നിന്ന് രാജിവച്ചെന്ന് പറയുന്നത് കള്ളമെന്നു ജില്ല സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. പാര്‍ട്ടി വിട്ടെന്ന് പറയുന്നവര്‍ ഈ പാര്‍ട്ടിയിലുണ്ടായിരുന്നവരല്ല. പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന മൂന്നു പേരെ പുറത്താക്കി. ബാക്കിയുള്ളവര്‍ നേരത്തെ പോയവരാണ്. ഒഴിവാക്കപ്പെട്ടവരാണ് പോയത്. അവര്‍ അപ്പീല്‍ നല്‍കിയത് പരിഗണിക്കാമെന്ന് പറഞ്ഞിരുന്നു. അതംഗീകരിക്കാതെ പോയി.

തലവടിയില്‍ ഒരു നേതാവിനെ പുറത്താക്കിയത് ലൈഫ് പദ്ധതിയില്‍ തട്ടിപ്പു നടത്തിയതിനാണ്. ഒരേക്കര്‍ സ്ഥലം ഉള്ളത് മറച്ച് വച്ച് വ്യാജരേഖ ചമച്ച് ലൈഫില്‍ അപേക്ഷ നല്‍കി. പാര്‍ട്ടിക്ക് നിരക്കാത്ത സമീപനം ചിലര്‍ സ്വീകരിക്കുന്നുവെന്നും ജില്ല സെക്രട്ടറി പറഞ്ഞു. കുട്ടനാട്ടില്‍ സിപിഎം ജനകീയ പ്രതിഷേധ സമരത്തിലായിരുന്നു നാസറുടെ പ്രതികരണം.

 

 

 

Back to top button
error: