ഇടുക്കി: പതിനൊന്നു വയസ്സുകാരിയെ വില്‍ക്കാനുണ്ടെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട സംഭവത്തില്‍ പ്രതി പെണ്‍കുട്ടിയുടെ ‘മൂന്നാനമ്മ’യെന്ന് പൊലീസ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പെണ്‍കുട്ടിയുടെ പിതാവിന്റെ മൂന്നാം ഭാര്യയാണ് ഇവര്‍.
സംഭവത്തില്‍ ഇവരെ ചോദ്യം ചെയ്തു വിട്ടയിച്ചു. യുവതിക്ക് മുലയൂട്ടുന്ന കുഞ്ഞുള്ളതിനാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ അഭിപ്രായം കൂടി പരിഗണിച്ചേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കൂവെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് പോസ്റ്റിട്ടതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. സ്വന്തം ഫോണില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ കയറി പോസ്റ്റ് ഇടുകയായിരുന്നു. ഭര്‍ത്താവ് വീട്ടിലേക്കു വരാറില്ലെന്നും ചെലവിനു തരാറില്ലെന്നും ഇവര്‍ പൊലീസിനോടു പറഞ്ഞു.
കഴിഞ്ഞ ദിവസമാണു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവിന്റെ പേരിലുള്ള ഫെയ്‌സ്ബുക് അക്കൗണ്ടില്‍ കുട്ടിയെ വില്‍ക്കാനുണ്ടെന്നു പറഞ്ഞ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പണം നല്‍കിയാല്‍ തന്റെ പതിനൊന്നു വയസ്സുകാരിയായ മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ നല്‍കാമെന്നായിരുന്നു പോസ്റ്റ്. കുറിപ്പ് ശ്രദ്ധയില്‍പെട്ടവര്‍ പൊലീസിനെ അറിയിച്ചതിനെത്തുടര്‍ന്നു കുറിപ്പ് പിന്‍വലിച്ചു. പെണ്‍കുട്ടിയും പെണ്‍കുട്ടിയുടെ വല്യമ്മയും ചേര്‍ന്നാണു പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പിതാവിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു.
ഫോണ്‍ പിടിച്ചെടുത്ത് സൈബര്‍ സെല്ലിനും ഫൊറന്‍സിക് സംഘത്തിനും കൈമാറിയിരുന്നു. കഞ്ചാവ് വില്‍പ്പനയടക്കം നിരവധി കേസുകളില്‍ പ്രതിയായിരുന്നതിനാല്‍ പെണ്‍കുട്ടിയുടെ പിതാവു തന്നെയാണ് ഈ പോസ്റ്റ് ഇട്ടതെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍, താനല്ല പോസ്റ്റിട്ടതെന്ന് പിതാവ് പൊലീസിനു മൊഴി നല്‍കിയിരുന്നു. ഈ മൊഴി ആദ്യം പൊലീസ് വിശ്വാസത്തില്‍ എടുത്തിരുന്നില്ല. എന്നാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇയാളല്ല പ്രതി എന്ന് തെളിഞ്ഞു.