KeralaNEWS

കൊച്ചി വാട്ടർ മെട്രോ; വെറും 20 രൂപയ്ക്ക് ഒരു ലക്ഷ്വറി ബോട്ട് യാത്ര

ർവീസ് ആരംഭിച്ച ദിവസം മുതൽ വാർത്തകളിലെ താരമാണ് വാട്ടർ മെട്രോ. സെലിബ്രിറ്റികൾ മുതൽ കട്ട ലോക്കൽ വ്ലോഗർമാർ വരെ പാടിപ്പുകഴ്ത്തുന്ന വാട്ടർ മെട്രോ ശരിക്കും എന്താണെന്നറിയണമെങ്കിൽ കൊച്ചിയിലെ ദ്വീപുകാരോട് ചോദിക്കണം.
മെട്രോ റെയില്‍ കൊച്ചിയുടെ നഗര ജീവിതത്തെ സ്വാധീനിച്ചതിന് സമാനമായി  കൊച്ചിയിലെ ദ്വീപ് സമൂഹങ്ങളിലുള്ള ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താൻ വാട്ടര്‍ മെട്രോയ്ക്ക് ഇതിനകം സാധിച്ചിട്ടുണ്ട്.
തുരുമ്പെടുത്ത ബോട്ടുകളിലെ യാത്രയും പഴഞ്ചൻ ബോട്ടു ജെട്ടി സെറ്റപ്പുമെല്ലാം കൊച്ചിക്കാർക്ക് ഇനി മറക്കാം. രാജ്യത്തെ ആദ്യ വാട്ടർ മെട്രോ കൊച്ചിയിൽ യാഥാർഥ്യമായതോടെ നഗരത്തിലെ ഗതാഗത മേഖല അടിമുടി മാറുകയാണ്. കൊച്ചിയിലെ പ്രധാനപ്പെട്ട 10 ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോ കൊച്ചിയുടെ അടിസ്ഥാന സൗകര്യ മേഖലയിലും ടൂറിസത്തിലും വലിയ മാറ്റം തന്നെയാണ് കൊണ്ടുവന്നിരിക്കുന്നത്.
കൊച്ചിയുടെ ചരിത്രത്തോളംതന്നെ പഴക്കമുണ്ട് നഗരത്തിലെ ജല ഗതാഗതത്തിനും. പുഴയും കായലുകളും താണ്ടിയായിരുന്നു പണ്ടുമുതലേ യാത്രയും ചരക്കുനീക്കവുമെല്ലാം. ഒരു കാലത്ത് അറുപതോളം ജെട്ടികള്‍ വരെ ഉണ്ടായിരുന്ന കൊച്ചിയില്‍ ഇപ്പോള്‍ 20 ജെട്ടികള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബോട്ടുകളുടെ എണ്ണവും നന്നേ കുറഞ്ഞു. നഗരത്തിലേക്ക്  പെട്ടെന്ന് എത്തിപ്പെടാന്‍ കഴിയാത്ത ദ്വീപുകളിലുള്ളവര്‍ ഇന്നും ജല ഗതാഗത വകുപ്പിന്റെ ബോട്ടുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഈ ദ്വീപുവാസികളായ യാത്രക്കാര്‍ക്കാണ് വാട്ടര്‍ മെട്രോ ഏറെ സഹായകരമാവുക.
വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ശീതീകരിച്ച ബോട്ടിൽ 100 പേർക്ക് ഒരേ സമയം യാത്ര ചെയ്യാം. മെട്രോ റെയിലിന് സമാനമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വാട്ടർ മെട്രോ ടെർമിനലുകളും ബോട്ടുകളും നിർമ്മിച്ചിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി വേലിയേറ്റ- വേലിയിറക്ക സമയങ്ങളിൽ ബോട്ടുമായി ഒരേ ലെവലിൽ നിൽക്കുവാൻ സാധിക്കുന്ന ഫ്‌ളോട്ടിങ് ജെട്ടികളാണ് മെട്രോയുടെ പ്രത്യേകത. അതോടൊപ്പം യാത്രക്കാരുടെ എണ്ണം നോക്കി സുരക്ഷ ഉറപ്പു വരുത്തുന്ന പാസഞ്ചർ കണ്ടോളിങ് സിസ്റ്റവും പ്രവർത്തിക്കുന്നു.
ഭിന്നശേഷി സൗഹൃദമായാണ് ടെർമിനലുകളും ബോട്ടുകളും നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല, ഭിന്നശേഷിക്കാർക്കും പ്രായമുള്ള യാത്രക്കാർക്കും ബുദ്ധിമുട്ടില്ലാതെ കയറുവാനും ഇറങ്ങുവാനും സാധിക്കുന്ന ഫ്ലോട്ടിങ് ജെട്ടികളും ഇതിന്‍റെ ഭാഗമായുണ്ട്. ബോട്ടുകളെല്ലാം ഇലക്ട്രിക് ഊർജത്തിൽ പ്രവർത്തിക്കുന്നതിനാൽ മലിനീകരണം വലിയ രീതിയിൽ കുറയ്ക്കുവാനും കഴിയും.
ഏകദേശം ഒരു ലക്ഷത്തോളം ദ്വീപ് നിവാസികൾക്ക് പ്രയോജനം ലഭിക്കുന്ന  കൊച്ചി വാട്ടർ മെട്രോ  എത്ര അഴിച്ചാലും വീണ്ടും കുരുങ്ങുന്ന കൊച്ചിയിലെ ഗതാഗതത്തിരക്കുകൾക്ക് ഒരു പരിധി വരെ പരിഹാരവുമാണ്.
കുറഞ്ഞ നിരക്കിലുള്ള തുകയാണ് വാട്ടർ മെട്രോയുടെ പ്രത്യേകത.ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 20 രൂപയാണ്.ഹെക്കോർട്ട്-വൈപ്പിൻ റൂട്ടിൽ 20 രൂപയും വൈറ്റില-കാക്കനാട് റൂട്ടിൽ 30 രൂപയുമാണ്‌ ടിക്കറ്റ് നിരക്ക്.

Back to top button
error: