രണ്ടാം വന്ദേഭാരതും കാസര്‍കോട്ടു നിന്നും തിരുവനന്തപുരത്തേക്കെന്ന് സ്ഥിരീകരിച്ചു. ന്യൂ ഡെല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ ശേഷം രാത്രി ഫേസ് ബുക് ലൈവിൽ രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപിയാണ് ഇക്കാര്യമറിയിച്ചത്.
ട്രെയിനിന്റെ ഉദ്ഘാടന ഓട്ടം ഞായറാഴ്ച രാവിലെ കാസര്‍കോട്ട് നടക്കും. പുതുതായി അനുവദിച്ച ട്രെയിന്‍ ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം ലഭ്യതക്കുറവുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ കൊച്ചുവേളി വരെയായിരിക്കും സര്‍വീസ്..
മംഗളൂരിൽ നിന്നും പാലക്കാട്ടേക്കും മംഗളൂരിൽ നിന്നും കോയമ്പത്തൂരിലേക്കും പുതിയ വന്ദേഭാരത് ഓടിക്കുമെന്നുള്ള പല അഭ്യൂഹങ്ങളും പരന്നിരുന്നുവെങ്കിലും ചൊവ്വാഴ്ചയോടെ ഇക്കാര്യത്തിൽ റെയിൽവെ മന്ത്രി തന്നെ വ്യക്തത വരുത്തി.
ഇൻഡ്യയിൽ ആരംഭിച്ച വന്ദേഭാരതിൽ ഏറ്റവും ലാഭകരമായി ഓടികൊണ്ടിരിക്കുന്നത് കേരളത്തിൽ ആന്നെന്നത് കൊണ്ടാണ് പുതിയ ട്രെയിനും തിരുവനന്തപുരം റൂടിൽ തന്നെ സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
വന്ദേഭാരത് ട്രെയിനിനെ കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്തതിൽ വലിയ സന്തോഷമാണ് റെയിൽവെ അധികൃതർ പ്രകടിപ്പിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ കുടുതൽ ട്രെയിൻ സർവീസും റെയിൽവെ വികസനവും കേരളത്തിന് അനുവദിക്കുമെന്ന വ്യക്തമായ സൂചനകളാണ് റെയിൽവെ അധികൃതർ നൽകുന്നത്.
രാവിലെ ഏഴുമണിക്ക് കാസര്‍കോടുന്നിന്ന് യാത്രയാരംഭിക്കുന്ന ട്രെയിന്‍ വൈകീട്ട് 3.05-ന് തിരുവനന്തപുരത്തെത്തും. വൈകീട്ട് 4.05-നാണ് മടക്കയാത്ര. രാത്രി 11.55-ന് കാസര്‍കോട് യാത്ര അവസാനിപ്പിക്കും. പുതിയ സര്‍വീസ് ഞായറാഴ്ച ആരംഭിക്കും.
കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. എട്ടു മണിക്കൂറാണ് കാസര്‍കോട്- തിരുവനന്തപുരം യാത്രയ്ക്ക് എടുക്കുന്ന സമയം. 7.55 മണിക്കൂറാണ് തിരിച്ചുള്ള സര്‍വീസിന്റെ യാത്രാസമയം. ആഴ്ചയില്‍ ആറുദിവസമായിരിക്കും സര്‍വീസ്.