KeralaNEWS

കെ.കെ റോഡില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ജീവനെ പേടിച്ച്‌ വഴിയാത്രക്കാര്‍

കോട്ടയം:കെ.കെ റോഡില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം പതിവായതോടെ അപകടങ്ങളും പെരുകുന്നു.2 മാസത്തിനിടെ  ചെറുതും വലുതുമായ പത്തിലേറെ അപകടങ്ങൾ ഇവിടെ  നടന്നിട്ടും മത്സരയോട്ടത്തിന് യാതൊരു കുറവുമില്ലെന്ന് മാത്രം
കെ.കെ റോഡില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം പതിവായതോടെ അപകടങ്ങളും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ കോട്ടയത്ത് ചെറുതും വലുതുമായ പത്തിലേറെ അപകടങ്ങളാണ് സ്വകാര്യ ബസുകള്‍ ഉണ്ടാക്കിയത്.ഇതില്‍ നിരവധി പേരുടെ ജീവനും പൊലിഞ്ഞു. അപകടങ്ങള്‍ക്ക് കാരണം ബസുകളുടെ അമിതവേഗവും അശ്രദ്ധയുമാണ്.
കോട്ടയത്തേക്ക് വരുന്ന മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലയില്‍ നിന്നുള്ള ബസുകളും പാലാ, പള്ളിക്കത്തോട് ഉള്‍പ്പെടെ സര്‍വീസ് നടത്തുന്ന ബസുകളും മണര്‍കാട് ടൗണില്‍ ഒരേ സമയം എത്തുന്നതോടെയാണ് മത്സരത്തിന് കളമൊരുങ്ങുന്നത്. ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ സര്‍വീസ് നടത്തിയ രണ്ട് ബസുകളെ കഴിഞ്ഞ ദിവസം കഞ്ഞിക്കുഴിയില്‍ പിന്തുടര്‍ന്ന് പിടികൂടിയിരുന്നു.
ഐരാറ്റുനട റോഡ് നിര്‍മ്മാണത്തോട് അനുബന്ധിച്ച്‌ സ്വകാര്യ ബസുകള്‍ മാധവൻപടി റോഡിലൂടെയായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. ഇത് സര്‍വീസ് വൈകുന്നതിന് ഇടയാക്കിയതോടെ ‍അമിതവേഗത്തിലാണ് ബസുകള്‍ നിരത്തിലൂടെ പായുന്നത്.കഴിഞ്ഞ ദിവസം പാമ്ബാടി സ്വദേശിയുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്.
ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് കെ.കെ റോഡില്‍ ദിനംപ്രതി ഉണ്ടാകുന്നത്.
മറ്റ് വാഹനങ്ങളെ മറികടന്നും ഓവര്‍ടേക്ക് ചെയ്തും തെറ്റായ ദിശയിലൂടെ സഞ്ചരിച്ചുമാണ് ബസുകള്‍ പലപ്പോഴും കടന്നു പോകുന്നത്. നഗരമദ്ധ്യത്തിലൂടെ കടന്നുപോകുന്ന ബസുകളുടെ ഡോറുകളും കൃത്യമായി  അടയ്ക്കാതെയും സര്‍വീസ് നടത്തുന്നുണ്ട്.
മത്സരയോട്ടത്തിന്റെ ഭാഗമായി യാത്രക്കാരെ അവഗണിച്ച്‌ സ്‌റ്റോപ്പില്‍ നിന്നും മാറ്റിയാണ് പലപ്പോഴും യാത്രക്കാരെ ഇറക്കിവിടുന്നത്. ഇതും അപകടത്തിന് ഇടയാക്കുന്നു. ജീവന് ഭീഷണിയായ മരണപ്പാച്ചിലിന് തടയിടാൻ അധികൃതര്‍ മുൻകൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Back to top button
error: