CrimeNEWS

ചുരം പാതയില്‍ ട്രോളി ബാഗിനുള്ളില്‍ കണ്ടെത്തിയത് 19 കാരിയുടെ മൃതദേഹം

കണ്ണൂര്‍: കേരള – കര്‍ണാടക അതിര്‍ത്തിയില്‍ മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടാഴ്ചയുടെ പഴക്കമുണ്ടെന്ന് പോലീസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. 18, 19 പ്രായമുള്ള യുവതിയുടേതാണ് മൃതേദഹം എന്നാണ് പ്രാഥമിക നിഗമനം. നാലു കഷണങ്ങളാക്കിയ നിലയിലാണ് ട്രോളി ബാഗില്‍ മൃതദേഹം കണ്ടെത്തിയത്.

കണ്ണൂരില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന പ്രധാന അന്തര്‍സംസ്ഥാന പാതയാണ് മാക്കൂട്ടം ചുരം. കേരളാ അതിര്‍ത്തിയില്‍നിന്ന് 15 കീലോമീറ്ററോളം മാറി കര്‍ണാടക വനമേഖലയിലാണ് ചുരത്തിന് സമീപമുള്ള ഒരു കുഴിയില്‍ ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

Signature-ad

കര്‍ണ്ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന്, പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിരാജ്‌പേട്ട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം വിരാജ്‌പേട്ട താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ധാരാളം പേര്‍ ദിനംപ്രതി സഞ്ചരിക്കുന്ന പാതയാണിത്.

കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് കര്‍ണാടക പോലീസ് അറിയിച്ചത്. പേരാവൂര്‍, ഇരിട്ടി, കൊട്ടിയൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കാണാതായ യുവതികളുടെ ലിസ്റ്റ് പരിശോധിച്ചു വരികയാണ്. സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുമ്പോഴും പ്രതിയെ കുറിച്ചുള്ള യാതൊരു വിവരവും ഇതുവരെ കിട്ടിയിട്ടില്ല.

 

Back to top button
error: