KeralaNEWS

ഒരാഴ്ച കൊണ്ട് പിന്നിട്ടത് 25 കിലോമീറ്റര്‍; അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയില്‍

ചെന്നൈ: ജനവാസ കേന്ദ്രങ്ങളിലിറങ്ങി ജനജീവിതം താറുമാറാക്കിയതോടെ ഇടുക്കി ചിന്നക്കനാലില്‍ നിന്ന് മയക്കുവെടിയുതിര്‍ത്ത് നാടുകടത്തിയ കാട്ടാന അരിക്കൊമ്പന്‍ വീണ്ടും ജനവാസ കേന്ദ്രത്തിലെത്തി. തമിഴ്‌നാട്ടിലെ മഞ്ചോലയിലെ എസ്റ്റേറ്റിലാണ് അരിക്കൊമ്പന്‍ കഴിഞ്ഞ ദിവസം എത്തിയത്. രണ്ടായിരത്തോളം തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമാണ് മഞ്ചോല എസ്റ്റേറ്റ്.

സംരക്ഷിത മേഖലയയായ കുതിരവട്ടിയിലാണ് അരിക്കൊമ്പന്‍ നിലവിലുള്ളതെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. അരിക്കൊമ്പന്‍ സഞ്ചരിക്കുന്നത് തുടരുകയാണെങ്കിലും കേരളത്തിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതയില്ലെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. കേരളത്തിലേക്കുള്ള വഴി ചെങ്കുത്തായതിനാല്‍ ഈ പാതയിലൂടെ സഞ്ചരിക്കാനുള്ള സാധ്യത കുറവാണെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്.

കഴിഞ്ഞ ഒരാഴ്ചകൊണ്ട് തുറന്നുവിട്ട സ്ഥലത്തുനിന്ന് 25 കിലോമീറ്റര്‍ സഞ്ചരിച്ചാണ് അരിക്കൊമ്പന്‍ ഇവിടെ എത്തിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ മാത്രം പത്തുകിലോമീറ്റര്‍ അരിക്കൊമ്പന്‍ സഞ്ചരിച്ചു. അരിക്കൊമ്പന്‍ മറ്റ് ആനക്കൂട്ടവുമായി ചേര്‍ന്നതായും ആരോഗ്യം വീണ്ടെടുത്തതായും തമിഴ്‌നാട് വനംവകുപ്പ് മുന്‍പ് അറിയിച്ചിരുന്നു. മറ്റ് ആനക്കൂട്ടവുമായി ചേര്‍ന്നെങ്കിലും ഇടയ്ക്ക് കൂട്ടം വിട്ട് ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് പതിവാണ്.

ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ സ്ഥിരം ആക്രമണകാരിയായ കാട്ടാനയായ അരിക്കൊമ്പനെ മയക്കുവെടിയുതിര്‍ത്ത് മാറ്റിപാര്‍പ്പിക്കുകയായിരുന്നു. കോടതി നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു ആനയെ ചിന്നക്കനാലില്‍ നിന്ന് നീക്കിയത്.

ചിന്നകനാല്‍ പ്രദേശത്തെ പ്രദേശത്തെ റേഷന്‍ കടകളും വീടുകളും പലചരക്കുകടകളും പതിവായി തകര്‍ത്തതോടെയാണ് ആനയ്ക്ക് അരിക്കൊമ്പന്‍ എന്ന പേരു ലഭിച്ചത്. തകര്‍ക്കുന്ന റേഷന്‍ കടകളില്‍ നിന്നും വീടുകളില്‍ നിന്നും അരിയെടുക്കുന്ന ശീലവുമുണ്ട്. അക്രമണകാരിയായ അരിക്കൊമ്പന്റെ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വനംവകുപ്പ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളതെന്നാണ് വിവരം. എന്നാല്‍, പന്ത്രണ്ടിലധികം ആളുകളെ അരിക്കൊമ്പന്‍ കൊന്നിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: