മൂന്നാർ: മൂന്നാറിൽ റവന്യൂ ഭൂമി കയ്യേറി അനധികൃതമായി നിർമാണമാരംഭിച്ച കെട്ടിടങ്ങൾ പഞ്ചായത്ത് ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചു. പത്താം വാർഡ് ഇക്കാനഗർ ഭാഗത്ത് നിർമാണത്തിലിരുന്ന റിസോർട്ടിന് വേണ്ടി പണിത കെട്ടിടമുൾപ്പെടെ മൂന്ന് കെട്ടിടങ്ങളാണ് പഞ്ചായത്ത് ഏറ്റെടുത്തത്. കൈയ്യേറ്റം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കഴിഞ്ഞദിവസം പഞ്ചായത്ത് എൻജിനീയറുടെ സാന്നിധ്യത്തിൽ പരിശോധന നടത്തി.
റവന്യൂ ഭൂമിയും തോട് പുറമ്പോക്കും കൈയ്യേറി ബഹുനില കെട്ടിടങ്ങൾ നിർമിച്ചതായി ഈ പരിശോധനയിലാണ് കണ്ടെത്തിയത്. അനുമതിയില്ലാതെ അവധി ദിവസങ്ങളുടെ മറവിലാണ് നിർമാണം നടത്തിയതെന്നാണ് അധികൃതരുടെ വാദം. കെട്ടിടങ്ങളുടെ ഉടമകളെ തിരിച്ചറിയാനായിട്ടില്ല. കെട്ടിടം പൊളിച്ചു നീക്കുന്നതിനാണ് പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്നത്. ഉടമകൾക്ക് ഒരു മാസത്തിനുള്ളിൽ എൻ.ഒ.സി. ഉൾപ്പെടെയുള്ള ഭൂമി സംബന്ധമായ രേഖകൾ ഹാജരാക്കിയാൽ കെട്ടിടം നിയമാനുസൃതമാക്കി മാറ്റാനാവുന്നതാണ്. ഏറ്റെടുത്ത കെട്ടിടത്തിൽ മറ്റാർക്കും പ്രവേശനം ഉണ്ടായിരിക്കില്ല എന്നും സെക്രട്ടറി കെ.എൻ.സഹജൻ പറഞ്ഞു.