തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കടങ്ങോട് തെക്കുമുറി മാനംപുള്ളി വീട്ടിൽ ശ്രീജിത്തിനെയാണ് എരുമപ്പെട്ടി പോലീസ് ഇൻസ്‌പെക്ടർ റിജിൻ കെ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം ജില്ലയിലെ താമസക്കാരിയായ 14 വയസുകാരിയെയാണ് ശ്രീജിത്ത് പീഡിപ്പിച്ചത്. കഴിഞ്ഞ വർഷമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയും കുടുംബവും കടങ്ങോട് പ്രദേശത്ത് താമസിച്ചു വരികയായിരുന്നു. പ്രണയം നടിച്ച് കുട്ടിയെ വശത്താക്കിയ ഇയാൾ വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്താണ് സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചത്. ഇരയായ കുട്ടി വീട്ടുകാരോടൊപ്പം ഇപ്പോൾ എറണാകുളം ജില്ലയിലാണ് താമസിക്കുന്നത്. പഠിക്കുന്ന സ്‌കൂളിൽ നടത്തിയ കൗൺസിലിങിനിടയിൽ കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു.
തുടർന്ന് മെഡിക്കൽ റിപ്പോർട്ടുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസിലെ പ്രതിയെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐ. കെ.അനുദാസ്, പോലീസ് ഓഫീസർമാരായ കെ. സഗുൺ, സജീവൻ, മുഹമ്മദ് സ്വാലിഹ്, ജയ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.