കോഴിക്കോട്: നിപയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് സോണിൽ ഇളവ് പ്രഖ്യാപിച്ചു.
കടകൾ രാത്രി 8 വരെ പ്രവർത്തിപ്പിക്കാം, ബാങ്കുകൾക്ക് 2 മണി വരെ പ്രവർത്തിക്കാമെന്നും ജില്ലാകളക്ടറുടെ ഉത്തരവിൽ പറയുന്നു. അതേസമയം, മറ്റ് നിയന്ത്രണങ്ങൾ തുടരും. ആദ്യം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പഞ്ചായത്തുകളിലാണ് ഇളവ് നൽകുക. മാസ്ക്,സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. കൂടാതെ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിനും വിലക്കുണ്ടെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്ത് നിപ പുതിയ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ചികിത്സയിൽ ഉള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു. ആകെ 218 സാമ്പിളുകൾ പരിശോധിച്ചു. സമ്പർക്ക പട്ടികയിൽ 1270 പേരാണുള്ളത്. സമ്പർക്ക പട്ടിക വിപുലീകരിക്കാൻ പൊലീസ് സഹായിച്ചിരുന്നു. ഇന്ന് 37 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെറ്റിനറി വിദഗ്ധർ നിപ മേഖലകളിൽ സന്ദർശനം നടത്തി. വിദഗ്ധ സംഘത്തിന്റെ നിർദേശം അനുസരിച്ച് കളക്ടർ ഉത്തരവിറക്കും. ഇന്നും നാളെയുമായി 136 സാമ്പിളുകളുടെ ഫലം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പുതുതായി നിപ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകൾ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. എങ്കിലും നിരന്തരം വീക്ഷിച്ച് പ്രോട്ടോകോൾ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്പർക്കപ്പട്ടികയിലുള്ളവർ സമ്പർക്ക ദിവസം മുതൽ 21 ദിവസം ഐസൊലേഷനിൽ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, തൃശൂർ, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.