NEWSWorld

ശരിയായി പാകം ചെയ്യാത്ത തിലാപ്പിയയിലൂടെ അണുബാധ; യുവതിയുടെ കൈകാലുകള്‍ മുറിച്ചു മാറ്റി

സാന്‍ഫ്രാന്‍സിസ്‌കോ: ശരിയായ പാകം ചെയ്യാതെ തിലാപ്പിയ മത്സ്യം ഭക്ഷിച്ച യുവതിയുടെ കൈകാലുകള്‍ മുറിച്ചുമാറ്റി. ഭക്ഷണത്തിലൂടെ ശരീരത്തില്‍ കയറിയ ബാക്ടീരിയയിലൂടെയുണ്ടായ അണുബാധയാണ് കാലഫഫോര്‍ണിയ സ്വദേശിയായ ലോറ ബറാഗസ് (40) ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റുന്നതിലേക്ക് എത്തിച്ചതെന്നാണു റിപ്പോര്‍ട്ട്. ഒരു മാസം നീണ്ട ആശുപത്രിവാസത്തിന് ഒടുവില്‍ വ്യാഴാഴ്ചയാണ് ശസ്ത്രക്രിയയിലൂടെ ലോറയുടെ കൈകളും കാലുകളും മുറിച്ചുമാറ്റിയത്.

വീടിനു സമീപമുള്ള സാന്‍ ജോസിലെ പ്രാദേശിക മാര്‍ക്കറ്റില്‍നിന്നു വാങ്ങിയ മീന്‍ കഴിച്ചതു മുതല്‍ ലോറയ്ക്ക് അസ്വസ്ഥ അനുഭവപ്പെട്ടു തുടങ്ങിയിരുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചു. തുടര്‍ന്ന് ലോറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി പിന്നീട് ഗുരുതരമാകാന്‍ തുടങ്ങി. ഓക്‌സിജന്‍ മാസ്‌കിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. വൈകാതെ തന്നെ ലോറ കോമയിലെത്തി. അവരുടെ വിരലുകളും കാല്‍പാദങ്ങളും കീഴ്ചുണ്ടും കറുത്തനിറമാകുകയും വൃക്കകള്‍ തകരാറിലാകുകയും ചെയ്തു. തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനുള്ള അവസാനശ്രമമെന്ന നിലയിലാണ് ശസ്ത്രക്രിയയിലൂടെ കൈകാലുകള്‍ മുറിച്ചുമാറ്റിയതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

Signature-ad

കടല്‍വിഭവങ്ങളിലും സമുദ്രജലത്തിലും കാണപ്പെടുന്ന വിബ്രിയോ വല്‍നിഫിക്കസ് എന്ന ബാക്ട്രീരിയയാണ് ലോറയുടെ ശരീരത്തില്‍ പ്രവേശിച്ചതെന്നാണു വിവരം. ശരിയായ രീതിയില്‍ ഭക്ഷണം പാകം ചെയ്യാത്തതാണു ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കാന്‍ കാരണമെന്നും വിദഗ്ധര്‍ പറയുന്നു. കടല്‍ജലവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന മുറിവുകളിലൂടെയും ബാക്ടീരിയ അകത്തുകടക്കാന്‍ സാധ്യതയുണ്ടെന്നും പകര്‍ച്ചവ്യാധി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

 

Back to top button
error: