ലക്നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ ശിവക്ഷേത്രത്തിന് മുന്നിൽ നിസ്കരിച്ച മുസ്ലിം സ്ത്രീയെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഉച്ചയോടെ ബറേലി ജില്ലയിലെ കേസര്‍പൂര്‍ ഗ്രാമത്തിലെ ശിവക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നത്.
മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരോട് ക്ഷേത്രത്തില്‍ നിസ്കരിക്കാൻ നിര്‍ദ്ദേശിച്ച മൗലവിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
നസീറ (38), മകള്‍ സബീന (19), എന്നിവരെയാണ് ഭൂട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസര്‍പൂര്‍ ഗ്രാമത്തലവൻ പ്രേം സിങ്ങിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.
ഉച്ചയോടെ ശിവക്ഷേത്രത്തിലെത്തിയ നസീറയും മകളും ക്ഷേത്രപരിസരത്ത് നിസ്കരിക്കുകയാണ് ഉണ്ടായതെന്ന് പരാതിക്കാരൻ ഉന്നയിക്കുന്നു. ഗ്രാമവാസികള്‍ ഇരുവരേയും തടയാൻ ശ്രമിച്ചെങ്കിലും ഇവര്‍ നിസ്കാരം തുടരുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.