കൊളംബോ: ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യൻ പേസര്‍ മുഹമ്മദ് സിറാജിന്റെ കൊടുങ്കാറ്റില്‍ കടപുഴകിയത് ഒരുപിടി റെക്കോഡുകള്‍.ഏഴോവറില്‍ 21 റണ്‍സ് മാത്രം വിട്ടുനല്‍കി ആറുവിക്കറ്റ് പിഴുത സിറാജിന്റെ മുന്നില്‍ കേവലം 50 റണ്‍സിന് ലങ്ക ചുരുങ്ങുകയായിരുന്നു.
ഒരോവറില്‍ നാലു വിക്കറ്റ് പിഴുത് ഇന്ത്യൻ ക്രിക്കറ്റില്‍ സമാനതകളില്ലാത്ത നേട്ടമാണ് സിറാജ് സ്വന്തം പേരില്‍ ചേര്‍ത്തത്.ഈ സമയം അഞ്ചിന് 12 റണ്‍സ് എന്ന ദയനീയ സ്ഥിതിയിലായിരുന്നു ശ്രീലങ്ക. ഒരോവറില്‍ നാലു വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന വിശേഷണം സ്വന്തമാക്കിയ സിറാജ് കേവലം പത്തു പന്തുകള്‍ക്കിടെയാണ് അഞ്ചുവിക്കറ്റ് നേട്ടം കൊയ്തത്.
സിറാജിന് പുറമെ ഹാര്‍ദിക് പാണ്ഡ്യ മൂന്നും ജസ്പ്രീത് ബുംറ ഒന്നും വിക്കറ്റെടുത്തതോടെ 15.2 ഓവറില്‍ വെറും 50 റണ്‍സിനാണ് ശ്രീലങ്കൻ ബാറ്റര്‍മാര്‍ കൂടാരം കയറിയത്.ഇന്ത്യക്കെതിരെ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്‌കോര്‍ കൂടിയാണിത്. ഒമ്ബത് വര്‍ഷം ബംഗ്ലാദേശിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ലങ്കയുടെ പേരിലായത്. 2014ല്‍ ബംഗ്ലാദേശ് 58 റണ്‍സിന് പുറത്തായിരുന്നു. 2005ല്‍ ഹരാരെയില്‍ സിംബാബ്‌വെ 65ന് പുറത്തായതായിരുന്നു രണ്ടാമത്.
ഇന്ത്യക്ക് ഇതൊരു പകരം വീട്ടല്‍ കൂടിയാണ്. ഇത്രയും കാലം ഇന്ത്യയുടെ പേരിലായിരുന്നു നാണക്കേടിന്റെ ഈ റെക്കോഡ്, അതും ശ്രീലങ്കക്കെതിരായ മത്സരത്തില്‍. 2000ത്തിലെ ചാമ്ബ്യന്‍സ് ട്രോഫി ഫൈനലിന് ഷാര്‍ജ വേദിയായപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 299 റണ്‍സ്. എന്നാല്‍, മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 26.3 ഓവറില്‍ 54ന് പുറത്താവുകയായിരുന്നു.