CrimeNEWS

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയുടെ ഐജിഎസ്ടി പരിശോധന: അന്വേഷണ റിപ്പോർട്ട് നീളുന്നു, സാങ്കേതിക കാരണങ്ങളെന്ന് വിശദീകരണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറെ കമ്പനിയുടെ ഐജിഎസ്ടി പരിശോധനയിൽ അന്വേഷണ റിപ്പോർട്ട് നീളുന്നു. സാങ്കേതിക നടപടികൾ ബാക്കിയുണ്ടെന്നാണ് നികുതി വകുപ്പ് നൽകുന്ന വിശദീകരണം. ധനമന്ത്രിയുടെ നിർദേശപ്രകാരം നികുതി സെക്രട്ടറി പരിശോധന ആരംഭിച്ച് മൂന്നാഴ്ച കഴിഞ്ഞെങ്കിലും ധനവകുപ്പിന് വിവരങ്ങൾ കൈമാറിയിട്ടില്ല. സാങ്കേതിക നടപടികൾ ബാക്കിയുണ്ടെന്ന് നികുതി വകുപ്പും, റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ധനവകുപ്പും വിശദീകരണം നൽകി.

വീണ നികുതി വെട്ടിച്ചെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ പരാതിയിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അന്വേഷണത്തിന് നിർദ്ദേശിച്ചത്. സിഎംആർഎല്ലിൽ നിന്നും വാങ്ങിയ 1.72 കോടിയുടെ ഐജിഎസ്ടി അടച്ചില്ലെന്ന് മാത്യു കുഴൽനാടൻ പരാതിയിൽ ചൂണ്ടിക്കാട്ടി. 1.72 കോടി രൂപ കൈപ്പറ്റിയതു കൂടാതെ മുൻ വർഷങ്ങളിൽ 81.48 ലക്ഷം രൂപ വേറെയും വാങ്ങിയതായി രേഖകളുണ്ടെന്നും കുഴൽനാടൻ ആരോപിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ധനമന്ത്രി നികുതി വകുപ്പിന് പരാതി കൈമാറിയത്.

Signature-ad

1.72 കോടി രൂപ സേവനത്തിനായി നൽകിയതാണെങ്കിൽ 18 ശതമാനം തുക ഐജിഎസ്ടി അടയ്‌ക്കേണ്ടതാണ്. എന്നാൽ അതിൻറെ രേഖ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 45 ലക്ഷം രൂപയുടെ 18 ശതമാനം നികുതി അടച്ച രേഖകൾ മാത്രമാണ് ഇപ്പോഴുള്ളത്. കേരളത്തിനു കിട്ടാനുള്ള ജിഎസ്ടി മുഴുവൻ പിടിച്ചെടുക്കുമെന്ന് പറഞ്ഞ ധനമന്ത്രി, പണം വീണ്ടെടുക്കാനുള്ള ഇച്ഛാശക്തി കാണിക്കണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു.

Back to top button
error: