LIFEMovie

ലാലേട്ടൻ ആരാധകരില്‍ മാത്രമല്ല, സിനിമാപ്രേമികളില്‍ ഒട്ടാകെ കാത്തിരിപ്പ് ഉയര്‍ത്തിയ ‘വാലിബന്‍’ അപ്ഡേറ്റ് നാളെ

മോഹൻലാൽ ആരാധകരിൽ മാത്രമല്ല, സിനിമാപ്രേമികളിൽ ഒട്ടാകെ കാത്തിരിപ്പ് ഉയർത്തിയിട്ടുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മലയാളത്തിലെ പുതുതലമുറ സംവിധായകരിൽ സ്വന്തം കൈയൊപ്പുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകനായി മോഹൻലാൽ ആദ്യമായി എത്തുന്നു എന്നതാണ് ചിത്രത്തിൻറെ പ്രധാന യുഎസ്പി. പ്രഖ്യാപന സമയം മുതൽ പുതിയ അപ്ഡേറ്റുകൾക്കായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രവുമാണ് ഇത്.

ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന വാലിബൻറെ പ്രധാന ലൊക്കേഷൻ രാജസ്ഥാൻ ആയിരുന്നു. 130 ദിവസത്തോളം നീണ്ട ചിത്രീകരണം അവസാനിച്ചത് ജൂൺ രണ്ടാം വാരം ആയിരുന്നു. സിനിമയുടെ റിലീസ് തീയതിയുൾപ്പെടെയുള്ള കാര്യങ്ങളൊന്നും ഇനിയും അറിയിച്ചിട്ടില്ല. അതേസമയം ചിത്രം സംബന്ധിച്ചുള്ള ഒരു അപ്ഡേറ്റ് നാളെ പുറത്തെത്തും. സ്വന്തം വാട്സ്ആപ് ചാനലിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. “മലൈക്കോട്ടൈ വാലിബനെക്കുറിച്ച് നമ്മൾ എന്തെങ്കിലും സംസാരിച്ചിട്ട് കുറേ ആവുന്നു. നാളെ വൈകിട്ട് 5 ന് അത് ആയാലോ?”, എന്നായിരുന്നു മോഹൻലാലിൻറെ വാക്കുകൾ.

വാലിബൻ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പിറന്നാൾ നാളെയാണ്. ആയതിനാൽത്തന്നെ ചിത്രം സംബന്ധിച്ച പ്രധാന അപ്ഡേറ്റുകളിൽ എന്തെങ്കിലുമായിരിക്കും നാളെ വൈകിട്ട് പുറത്തെത്തുകയെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഷിബു ബേബി ജോണിൻറെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠൻ ആചാരി, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തിയറ്ററുകളിൽ ചിത്രം എപ്പോൾ എത്തും എന്നതും നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടില്ല. മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കം ആയിരുന്നു ലിജോയുടെ സംവിധാനത്തിലെത്തിയ അവസാന ചിത്രം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: