IndiaNEWS

മണിപ്പുര്‍ സംഘര്‍ഷ വീഡിയോ പങ്കുവച്ചതിന് കേസ്; വൈദികന്‍ തൂങ്ങിമരിച്ച നിലയില്‍

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ സീറോ മലബാര്‍ സഭാ വൈദികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സാഗര്‍ ജില്ലയിലെ ഗര്‍ഹക്കോട്ടയിലെ സെന്റ് അല്‍ഫോന്‍സാ അക്കാദമിയിലെ മാനേജര്‍ ഫാ. അനില്‍ ഫ്രാന്‍സിസാണ് മരിച്ചത്. മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചതിന് മദ്ധ്യപ്രദേശ് പൊലീസ് വൈദികനെതിരെ കേസെടുത്തിരുന്നു. പിന്നാലെ കനത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായാണ് വിവരം.

കഴിഞ്ഞ മാസമാണ് വാട്ട്സാപ്പ് വഴി പങ്കുവച്ച പോസ്റ്റിന്റെ പേരില്‍ പൊലീസ് ക്രിമിനല്‍ കേസെടുത്തത്. ദേശീയ പതാകയെ അപമാനിച്ചെന്നായിരുന്നു കുറ്റം. പിന്നാലെ 13-ാം തീയതി വൈദികനെ കാണാതായി. പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കാനായി സാഗറിലെ ബിഷപ്പ് ഹൗസിലെത്തിയതിന് പിന്നാലെയായിരുന്നു തിരോധാനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരത്തില്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടെത്തിയത്. തന്റെ ശരീരം ദഹിപ്പിക്കണമെന്ന് ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിട്ടുണ്ടെന്നും രൂപത പ്രസ്താവനയില്‍ പറഞ്ഞു.

Signature-ad

അതേസമയം, മണിപ്പുര്‍ കലാപത്തില്‍ ഇതുവരെ 175 പേര്‍ മരിച്ചെന്ന് പോലീസിന്റെ കണക്ക്. 1,138 പേര്‍ക്ക് പരുക്കേറ്റു. സംസ്ഥാനത്ത് പലയിടങ്ങളിലായി 96 മൃതദേഹങ്ങളാണ് അവകാശികളില്ലാതെ കിടക്കുന്നത്. കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ ഇന്നുവരെ ആകെ 33 പേരെ കാണാതായി. 254 പള്ളികളും 132 ക്ഷേത്രങ്ങളും തകര്‍ത്തു. ആകെ 5,668 ആയുധങ്ങള്‍ മോഷ്ടിച്ചു.

അക്രമ സംഭവങ്ങളുമായി ബന്ധപെട്ട് അയ്യായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്തുള്ള സുരക്ഷാസേന 360 അനധികൃത ബങ്കറുകള്‍ തകര്‍ത്തെന്നും പൊലീസ് വ്യക്തമാക്കുന്നു.

 

 

 

 

 

Back to top button
error: