IndiaNEWS

14 കോടിയിയുടെ കള്ളക്കടത്ത്; ഒരു വിമാനത്തിലെ 113 യാത്രക്കാര്‍ക്കെതിരേയും കേസ്!

ചെന്നൈ: നികുതിവെട്ടിച്ച് ഐ ഫോണുകളും ഗൂഗിള്‍ ഫോണുകളുമടക്കം ഗാഡ്ജറ്റുകള്‍ കടത്തിയതിന് ഒരു വിമാനത്തിലെ 186 യാത്രക്കാരില്‍ 113 പേര്‍ക്കെതിരേയും കേസെടുത്ത് ചെന്നൈ വിമാനത്താവള കസ്റ്റംസ്. മസ്‌കത്തില്‍നിന്ന് ഒമാന്‍ എയര്‍ വിമാനത്തിലെത്തിയവര്‍ക്കെതിരെയാണ് കള്ളക്കടത്തിന് നടപടിയെടുത്തത്. വിലയേറിയ വസ്തുക്കള്‍ കടത്താന്‍ വിമാനത്തിലെ ഒരു യാത്രക്കാരന്‍ തന്റെ സഹയാത്രികരെ ക്യാരിയറായി ഉപയോഗിച്ചുവെന്നാണ് വിവരം.

കടത്തിനായി തനിക്ക് കമ്മിഷന്‍, ചോക്ലേറ്റുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ വാഗ്ദാനം ചെയ്തുവെന്ന് ക്യാരിയറുകളില്‍ ഒരാള്‍ പരിശോധനയ്ക്കിടെ വെളിപ്പെടുത്തി. നൂറിലേറെ യാത്രക്കാര്‍ വലിയ അളവില്‍ സ്വര്‍ണവും ഐ ഫോണുകളും ലാപ്ടോപ്പുകളും കുങ്കുമവും കടത്തുന്നുവെന്ന രഹസ്യവിവരത്തെത്തടുര്‍ന്നാണ് ചെന്നൈ വിമാനത്താവള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയത്.

14 കോടിയിലേറെ രൂപ വരുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്. മുഴുവന്‍ യാത്രക്കാരേയും പരിശോധിച്ചതില്‍നിന്നാണ് 113 പേരുടെ കൈയില്‍നിന്ന് നികുതിവെട്ടിച്ച് കടത്തിയ സാധനങ്ങള്‍ കണ്ടെത്തിയത്. സ്വര്‍ണ്ണത്തിന്റെ കട്ടകള്‍, ബ്രേസ്ലെറ്റുകള്‍ എന്നിവ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ബാഗുകളിലും സ്യൂട്ട്കേസുകളിലുമായി രഹസ്യ അറകളില്‍നിന്ന് 13 കിലോ സ്വര്‍ണവും 120 ഐ ഫോണുകളും 84 ആന്‍ഡ്രോയ്ഡ് ഫോണുകളും വിദേശ സിഗരറ്റുകളും ലാപ്ടോപ്പുകളും കണ്ടെടുത്തു.

113 യാത്രക്കാര്‍ക്കെതിരെ കസ്റ്റംസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവരെ ജാമ്യത്തില്‍വിട്ടു. മറ്റ് യാത്രക്കാര്‍ കള്ളക്കടത്തില്‍ പങ്കാളികളല്ലെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ഇവരെ വെറുതേവിട്ടു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: