KeralaNEWS

”ആണുങ്ങളും വേദന അനുഭവിക്കുന്നുണ്ട്; എന്റെ അടുത്ത് സദാചാരം പഠിപ്പിക്കാന്‍ വരേണ്ട”

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ സമ്മേളനത്തില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ഉറച്ച് സ്‌പെഷല്‍ ജൂറി പുരസ്‌കാരം നേടിയ നടന്‍ അലന്‍സിയര്‍ ലോപ്പസ്. തന്നെ സദാചാരം പഠിപ്പിക്കാന്‍ വരേണ്ടെന്ന് അലന്‍സിയര്‍ വ്യക്തമാക്കി. മലയാള സിനിമയിലെ ഏക പീഡകന്‍, പീഡിപ്പിച്ചുകൊണ്ടു നടക്കുന്നവന്‍ എന്ന് എന്നെ വിശേഷിപ്പിക്കേണ്ട. ആ വിശേഷണത്തിനു യോഗ്യതയുള്ളവര്‍ പലരുമുണ്ട്. അത്രയും എന്നെ പ്രകോപിപ്പിക്കരുതെന്നും അലന്‍സിയര്‍ മുന്നറിയിപ്പു നല്‍കി.

വേദിയില്‍നിന്ന് മുഖ്യമന്ത്രി നേരത്തേ പോയതിലുള്ള പ്രതിഷേധമാണോയെന്ന ചോദ്യത്തിന്, അല്ലെന്ന് അലന്‍സിയര്‍ മറുപടി നല്‍കി. സിനിമാ നടനായതുകൊണ്ട് പേരുദോഷം മാത്രമേയുള്ളൂവെന്നും ഇല്ലാത്ത ആരോപണങ്ങളില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ കുടുങ്ങില്ലെന്നും അലന്‍സിയര്‍ വ്യക്തമാക്കി.

Signature-ad

പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്നുമായിരുന്നു അലന്‍സിയറുടെ പരാമര്‍ശം. ആണ്‍കരുത്തുള്ള പ്രതിമ കിട്ടുമ്പോള്‍ അഭിനയം നിര്‍ത്തുമെന്നു പറഞ്ഞ അദ്ദേഹം, സ്‌പെഷല്‍ ജൂറി അവാര്‍ഡിനെയും വിമര്‍ശിച്ചിരുന്നു. ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന്, ഇന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.

അലന്‍സിയറിന്റെ വാക്കുകളിലൂടെ:

സിനിമാ മേഖലയില്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. നമ്മള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എന്നു വിളിക്കുന്നവരൊക്കെ അനുഭവിക്കുന്ന വേദനകള്‍ വലുതാണ്. പൊലീസ് വേഷത്തിലൊക്കെ വന്നു നില്‍ക്കുന്ന പുരുഷന്‍മാര്‍ മൂത്രമൊഴിക്കാന്‍ പോലും പറ്റാതെ, കാരവനുള്ളില്‍ കയറാന്‍ പറ്റാതെ നടക്കുന്ന നടപ്പ് ഞാന്‍ കണ്ടിട്ടുണ്ട്.

പെണ്‍പ്രതിഭ നല്‍കി പ്രലോഭിക്കരുത് എന്നു പറയേണ്ടത് ആ വലിയ വേദിയിലല്ലേ? അതു വലിയ വേദിയാണെന്ന് അറിഞ്ഞുതന്നെയാണ് ഞാന്‍ ഇക്കാര്യം പറഞ്ഞത്. അല്ലാതെ പെട്ടെന്നൊരു തോന്നലില്‍ പറഞ്ഞതല്ല. എന്തുകൊണ്ടാണ് നിങ്ങള്‍ പെണ്‍പ്രതിമ തന്നത് എന്നതാണ് ചോദ്യം. എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് സ്വന്തം ശരീരത്തെ സ്‌നേഹിക്കാന്‍ പറ്റാത്തത്? ആ പ്രസ്താവനയില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഞാന്‍ ആരെയും ആക്ഷേപിച്ചിട്ടില്ല. അതുകൊണ്ട് ഖേദം പ്രകടിപ്പിക്കാനുമില്ല.

സിനിമാ മേഖലയിലുള്ളവര്‍ പലതും പറയും. അതൊന്നും ഞാന്‍ കേള്‍ക്കേണ്ട കാര്യമില്ല. എനിക്ക് എന്റെ അച്ഛനുമുണ്ട്, അമ്മയുമുണ്ട്. എന്റെ മക്കളും ഭാര്യയുമുണ്ട്. അതുമതി. ഇതിന്റെ അപ്പുറം ഞാന്‍ കണ്ടിട്ടും കേട്ടിട്ടുമുണ്ട്.

നിങ്ങള്‍ എത്ര തവണ സ്വയംഭോഗം ചെയ്തിട്ടുണ്ട്. എന്റെ അടുത്ത് സദാചാരം പഠിപ്പിക്കാന്‍ വരേണ്ട. മലയാള സിനിമയിലെ ഏക പീഡകന്‍, പീഡിപ്പിച്ചുകൊണ്ടു നടക്കുന്നവന്‍ എന്ന് എന്നെ വിശേഷിപ്പിക്കേണ്ട. ആ വിശേഷണത്തിനു യോഗ്യതയുള്ളവര്‍ പലരുമുണ്ട്. അത്രയും എന്നെ പ്രകോപിപ്പിക്കരുത്.

ഇതു പറയാന്‍ ആ വേദി തന്നെയാണ് എനിക്കു വേണ്ടിയിരുന്നത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയുടെ അടുത്താണ് എനിക്ക് ഒരു ആണ്‍പ്രതിമ വേണമെന്നു ഞാന്‍ പറഞ്ഞത്. അല്ലാതെ പെണ്‍കരുത്തുള്ളിടത്തല്ല. ഗൗരിയമ്മയെ ഈ കമ്യൂണിസ്റ്റ് പാര്‍ട്ടി എത്രയോ കാലം ഉയര്‍ത്തിക്കൊണ്ടു നടന്നു. എന്നിട്ട് അവരെ മുഖ്യമന്ത്രിയാക്കിയോ?

ഞാന്‍ എന്തു മാതൃകാകേടു കാണിച്ചെന്നാണു നിങ്ങള്‍ പറയുന്നത്? താങ്കളുടെ മാധ്യമത്തിനകത്ത് താങ്കള്‍ത്തന്നെ പറ, ഞാന്‍ എന്തു കുറ്റവാളിയാണെന്ന്. നിങ്ങളുടെ മാധ്യമത്തില്‍ എത്ര കുറ്റവാളികളുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ? എനിക്ക് ഒരു ആണ്‍പ്രതിമ വേണമെന്നു പറഞ്ഞതാണോ ഇപ്പോള്‍ വലിയ കുറ്റം? കുഞ്ചാക്കോ ബോബന്‍ അങ്ങനെ പറഞ്ഞില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ കുറ്റമായിരിക്കും. എന്റെ കുറ്റമല്ല. എനിക്കു പറയാനുള്ളത് ഞാന്‍ പറഞ്ഞു. അതില്‍ എന്താണ് തെറ്റ്?

എന്തുകൊണ്ട് ഈ പറയുന്ന സ്ത്രീപക്ഷ വാദികള്‍, സ്ത്രീശരീരത്തെ വര്‍ണിച്ചുകൊണ്ടുള്ള നമ്പൂതിരിയുടെ ശില്‍പം മാത്രം എല്ലാ വര്‍ഷവും വിറ്റുകൊണ്ടിരിക്കുന്നു? എന്തുകൊണ്ട് കാനായി കുഞ്ഞിരാമന്റെ ഒരു പുരുഷ ശരീരം തരുന്നില്ല? എന്റെ ശരീരം തരുന്നില്ല എന്നതാണ് എന്റെ ചോദ്യം. നിങ്ങള്‍ എന്തിനാണ് ഹിജഡകളെ വിറ്റുകൊണ്ടിരിക്കുന്നത്? ബാബ്‌റി മസ്ജിദ് തകര്‍ന്നപ്പോള്‍ ഇവിടെ പ്രതികരിക്കാന്‍ ഒരു ഖാനെയും കണ്ടില്ല. എത്രയോ ഖാന്‍മാരുണ്ട്. അവരെല്ലാം ഹിജഡകളാണ്. ഞാന്‍ വെല്ലുവിളിക്കുകയാണ്.

എനിക്കു തന്ന കാരവാന്‍ ഈ വീടാണ്. എന്റെ അമ്മയെ സാക്ഷിനിര്‍ത്തിയാണ് ഇക്കാര്യം പറയുന്നത്. എന്റെ വീടാണിത്. എന്റെ അമ്മ തന്ന വീടാണ്. ഞാന്‍ സ്ത്രീയെ ബഹുമാനിക്കുന്ന ആളാണ്. ഞാന്‍ ആക്ഷേപിച്ചുകൊണ്ടല്ല പറഞ്ഞത്. സ്ത്രീകള്‍ പുരുഷന്‍മാരെയും ബഹുമാനിക്കാന്‍ പഠിക്കണം. അങ്ങനെയൊരു അവഹേളനം നിലവിലുണ്ട്. സംവരണം കിട്ടാതെ പോകുന്നത് പുരുഷനാണ്. സംവരണം മുഴുവന്‍ സ്ത്രീകള്‍ക്കാണ്. എന്ത് അധാര്‍മികത കാണിച്ചാലും പുരുഷനാണ് പഴി. ഇല വന്നു മുള്ളില്‍ വീണാലും, മുള്ളുവന്ന് ഇലയില്‍ വീണാലും എന്നൊരു പഴയ ചൊല്ലുണ്ട്. അത് ഇപ്പോള്‍ തിരിച്ചാണ് സംഭവിക്കുന്നത്. പുരുഷന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഇവിടെ ആരുമില്ല. അതുകൊണ്ടാണല്ലോ നിങ്ങള്‍ മൈക്കുമായി ഇപ്പോള്‍ ഇവിടെ വന്നു നില്‍ക്കുന്നത്.

എനിക്കെന്തു നീതിയാണ്, എന്റെ അച്ഛനെന്തു നീതിയാണ്? എന്റെ അച്ഛന് ഇവിടെ പുരയിടം വരെ ഇല്ലായിരുന്നു. എന്റെ അമ്മയ്ക്കാണ് അവകാശം. അച്ഛനോടു ഞാന്‍ എനിക്ക് ഭൂമി എഴുതിത്തരണം എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത്, കയ്യില്‍ പണമില്ലെന്നാണ്. എന്റെ അമ്മയ്ക്കാണ് അവകാശം. ഭക്ഷണം കഴിച്ച പാത്രം കഴുകിവയ്ക്കാന്‍ അമ്മ അച്ഛനെ പഠിപ്പിച്ചു. ആ അമ്മയുടെ മകനാണ് ഞാന്‍. അല്ലാതെ ഞാന്‍ ഒരു സ്ത്രീവിരുദ്ധതയും പറഞ്ഞിട്ടില്ല.

ചലച്ചിത്ര അവാര്‍ഡ് എനിക്കു തന്നതല്ലേ? ഞാന്‍ പോയി ഇരന്നു വാങ്ങിയതല്ലല്ലോ? ഗൗതം ഘോഷ് എന്ന ബംഗാളി സംവിധായകന്‍ എന്റെ അഭിനയം കണ്ടിട്ട് തന്നതാണ്. ആ വേദിയില്‍ ഇതു പറയാന്‍ എനിക്ക് അവകാശമുണ്ട്. ഞാന്‍ സംസാരിച്ചോട്ടെ എന്നു ചോദിച്ചിട്ടല്ല അവിടെ കയറിയത്. എന്നെ വിളിച്ച് സംസാരിക്കാന്‍ പറഞ്ഞു, ഞാന്‍ കയറി സംസാരിച്ചു. എന്റെ നിലപാട് പറഞ്ഞു.

ഞങ്ങള്‍ക്ക് തരുന്നത് 25,000 രൂപയാണെന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണ്. അത് എന്തിനാണ് ഇങ്ങനെ ആവര്‍ത്തിച്ച് അനൗണ്‍സ് ചെയ്യുന്നത്? അത് കുറഞ്ഞ ഏര്‍പ്പാടല്ലേ? ഞങ്ങള്‍ക്ക് സ്‌പെഷല്‍ ജൂറി വിഭാഗത്തില്‍ ഒരു സ്വര്‍ണ ശില്‍പം തരണം എന്നു പറഞ്ഞത് തെറ്റാണോ? എന്തായാലും ഇവിടെ രണ്ടു പ്രതിമ ഇരിപ്പുണ്ട്. മരിക്കുമ്പോള്‍ എനിക്ക് ആറു വെടി കിട്ടും. സംസ്ഥാനത്തിന്റെ ആദരവാണത്. എനിക്ക് ഒരു പുരുഷ ആദരവ് കിട്ടണമെന്നാണ് ഞാന്‍ പറഞ്ഞത്. എന്റെ വാക്കുകള്‍ മുഖ്യമന്ത്രിയോടുള്ള പ്രതിഷേധമൊന്നുമല്ല. എല്ലാവര്‍ക്കും തിരക്കുണ്ട്. മമ്മുക്കയ്ക്കും തിരക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹോദരി മരിച്ചു, ഷൂട്ടിങ് തിരക്കുണ്ട്.

കോണ്‍ഗ്രസുകാര്‍ ഇവിടെ ഭരിക്കാന്‍ കഴിയാതെ ഇരിക്കുന്നത് എന്തുകൊണ്ടാണ്? ഇന്ദിരാ ഗാന്ധിയുടെ ഒരു തെറ്റ്. അവര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതു മുതലാണ് ഇവിടെ ജനസംഘം വളര്‍ന്നത്. അതാണ് ഇപ്പോള്‍ മോദി ഭരിച്ചുകൊണ്ടിരിക്കുന്നത്. അത് ഇനിയെങ്കിലും തിരിച്ചറിയണം. അമ്മയ്ക്ക് ബുദ്ധിയുണ്ടാകണം. അമ്മ എന്ന സംഘടനയിലുള്ളവര്‍ക്ക് മാത്രമല്ല, ഈ ഡബ്ല്യുസിസിയിലുള്ളവര്‍ക്കും ബുദ്ധിയുണ്ടാവണം.

ഞാന്‍ പാതിരിയാകാന്‍ പോയയാളാണ്. ഞാന്‍ കുമ്പസാര രഹസ്യം കേട്ടിരുന്നെങ്കില്‍ ഇതിലും ചാരിതാര്‍ഥ്യം കിട്ടിയേനെ. സിനിമാ നടനായതുകൊണ്ട് പേരുദോഷം മാത്രമേയുള്ളൂ. എന്നെ ഇല്ലാത്ത ആരോപണങ്ങളില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ കുടുങ്ങില്ല.

 

Back to top button
error: