KeralaNEWS

സോളാര്‍ ലൈംഗിക പീഡന കേസിൽ  പുകഞ്ഞ് കോണ്‍ഗ്രസ്

തിരുവനന്തപുരം: സോളാര്‍ ലൈംഗിക പീഡന കേസിലെ ഗൂഢാലോചനയെ ചൊല്ലി കോണ്‍ഗ്രസ്സില്‍ ഭിന്നത രൂക്ഷമാകുന്നു. ഗൂഢാലോചനയില്‍ അന്വേഷണം ആവശ്യപ്പെടുന്ന കാര്യത്തില്‍ പാര്‍ട്ടിയിലും മുന്നണിയിലും ആശയക്കുഴപ്പം തുടരുകയാണ്.

കോണ്‍ഗ്രസും മുന്നണിയും അന്വേഷണം വേണമെന്നായിരുന്നു ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടത്. പക്ഷേ സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതോടെ അന്വേഷണം വേണ്ടെന്നായിരുന്നു യുഡിഎഫ് തീരുമാനം. യുഡിഎഫ് നിലപാട് ഭരണപക്ഷം ആയുധമാക്കിയതോടെയാണ് മുന്നണിയിൽ ഭിന്നത രൂപപ്പെട്ടത്.നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ച്‌ തുടര്‍നടപടി സ്വീകരിക്കുമെന്നാണ് നിലവിൽ പ്രതിപക്ഷ നേതാവിന്റെ വിശദീകരണം.

സോളാര്‍ സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പുലിവാല്‍ പിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ലൈംഗിക പീഡനക്കേസില്‍ ഉമ്മൻചാണ്ടിയെ കുടുക്കാൻ ശ്രമിച്ചതിനെ ചൊല്ലിയാണ് പാര്‍ട്ടിയില്‍ ഭിന്നത. ഉമ്മൻചാണ്ടിയെ വേട്ടയാടിയവര്‍ക്ക് മാപ്പില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് എ ഗ്രൂപ്പ്. ഗൂഢാലോചനയില്‍ വിശദ അന്വേഷണം വേണമെന്നാണ് കെസി ജോസഫ് ഉള്‍പ്പെടെ നേതാക്കളുടെ ആവശ്യം. പക്ഷേ ഈ കാര്യത്തില്‍ അഭിപ്രായ ഐക്യത്തിലെത്താൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.അന്ന് മുന്നണിയിൽ ഉണ്ടായിരുന്ന ഗണേഷ് കുമാറാണ് ഇതിനെല്ലാം ചുക്കാൻ പിടിച്ചതെന്ന വാർത്ത വന്നതോടെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയാണ് നിലവിൽ കോൺഗ്രസ് നേതൃത്വം.

അന്വേഷണം ബൂമറാങ് പോലെ തിരിച്ചടിക്കുമെന്ന ഭയമാണ് നേതാക്കള്‍ക്ക്. രണ്ട് ആഭ്യന്തര മന്ത്രിമാര്‍ മുഖ്യമന്ത്രി ആകാൻ ലക്ഷ്യമിട്ട് സോളാര്‍ കേസ് ഉപയോഗിച്ചു എന്ന ആരോപണം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. തിരുവഞ്ചൂരിനെയും ചെന്നിത്തലയേയും സംശയമുനയില്‍ നിര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസ് മറുപടി നല്‍കിയിട്ടില്ല. ദല്ലാള്‍ നന്ദകുമാറിന് മറുപടി ഇല്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.

അതേസമയം കെസി ജോസഫ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ പടയൊരുക്കം തുടങ്ങി. ഉമ്മൻചാണ്ടിയെ വേട്ടയാടിയ സംഘത്തില്‍ തിരുവഞ്ചൂര്‍ ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്ന പ്രസ്താവനയാണ് കോട്ടയത്ത് കെ സി ജോസഫ് നടത്തിയത്. ജോപ്പനെ ഉമ്മൻചാണ്ടി അറിയാതെ അറസ്റ്റ് ചെയ്തു എന്നായിരുന്നു വിമര്‍ശനം.

അതേസമയം അടിയന്തര പ്രമേയം തിരിച്ചടിയായെന്ന അഭിപ്രായവും കോണ്‍ഗ്രസില്‍ ശക്തമാണ്. അടിയന്തര പ്രമേയം ഭരണപക്ഷത്തിന് വടി നല്‍കിയതിന് തുല്യമായെന്നാണ് വിലയിരുത്തല്‍. കൂടിയാലോചനകള്‍ ഇല്ലാതെ തിരക്കിട്ട് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: