NEWSSports

ആരാധകരുടെ എണ്ണം കൊണ്ട് ലോകത്തിലെ ഒന്നാം നമ്പർ ക്ലബ്ബുകളെ വരെ വിറപ്പിച്ചവരാണ്  ബ്ലാസ്റ്റേഴ്സിന്റെ ‘മഞ്ഞപ്പട’.ഇത്തവണയെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം എന്ന അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ബ്ലാസ്റ്റേഴ്സിന് ആകുമോ ?

കൊച്ചി: ‍ഐഎസ്‌എൽ പത്താം പതിപ്പിന് സെപ്റ്റംബർ 21 ന് കൊച്ചിയിൽ കിക്കോഫ് നടക്കാനിരിക്കെ കിരീടത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് കോച്ച്‌ ഇവാൻ വുകോമനോവിച്ച്‌ ആഗ്രഹിക്കുന്നുണ്ടാവില്ല.പക്ഷേ, എളുപ്പമല്ല.ഡ്യുറന്റ് കപ്പില്‍ ഗോകുലം കേരളയോട് വരെ തോറ്റു.സീസണ് മുൻപായുള്ള സൗഹൃദ മത്സരത്തിൽ യുഎഇയിലെ ലോക്കൽ ക്ലബ്ബിനോട് അരഡസൻ ഗോളുകൾക്കായിരുന്നു തോൽവി.

ഉദ്ഘാടന മത്സരം ചിരവൈരികളായ ബംഗളൂരു എഫ്സിയുമായാണ്.കഴിഞ്ഞ വർഷത്തെ തോൽവിയുടെയും  നാണക്കേടിന്റെയും പാപഭാരം കഴുകിക്കളയേണ്ടതുണ്ട്. മൂന്നുതവണ റണ്ണറപ്പായതാണ് ഐഎസ്എൽ ചരിത്രം.പക്ഷേ അന്നുണ്ടായിരുന്ന സഹല്‍ അബ്ദുല്‍ സമദ് ഉൾപ്പെടെ പലരും ഇക്കുറി ടീമിനൊപ്പമില്ല. മോഹൻബഗാൻ സൂപ്പര്‍ ജയന്റിനായാണ് സമദ് ബൂട്ട് കെട്ടുന്നത്.രണ്ട് വര്‍ഷമായി ടീമിലുള്ള ഉറുഗ്വേതാരം അഡ്രിയാൻ ലൂണയാണ് നിലവിൽ ആണിക്കല്ല്.കളിക്കുകയും കളിപ്പിക്കുകയും ചെയ്യുന്ന ലൂണ തന്നെയായിരിക്കും പ്രധാനതാരം.സമദിന്റെ അഭാവത്തിൽ മുന്നേറ്റ നിരയിലെ കുന്തമുനയായ ഗ്രീസുകാരൻ ദിമിത്രിയോസ് ഡയമന്റാകോസിലും പ്രതീക്ഷയായിരുന്നെങ്കിലും താരം പരിക്കിന്റെ പിടിയിലാണ്.

മധ്യനിരയില്‍ ജപ്പാൻതാരം ഡെയ്സുക്, മുന്നേറ്റത്തില്‍ ഘാനക്കാരൻ ക്വാമെ പെപ്ര, പ്രതിരോധത്തില്‍ മിലോസ് ഡ്രിൻകിച്ച്‌, മാര്‍കോ ലെസ്കോവിച്ച്‌ എന്നിവരാണ് വിദേശതാരങ്ങള്‍.മുൻ മോഹൻ ബഗാൻ താരം പ്രീതത്തിന് പുറമെ ഡിഫൻസീവ് മിഡ്ഫീല്‍ഡറായ ജീക്സണ്‍ സിങ്, പുതിയ താരം പ്രബീര്‍ ദാസ്,മലയാളിയായ കെ പി രാഹുല്‍ എന്നിവരാണ് പ്രധാന ഇന്ത്യൻ താരങ്ങള്‍.സഹലിന് പകരം മധ്യനിരയില്‍ മലയാളി യുവതാരം വിബിൻ മോഹനനെയാകും വുകോമനോവിച്ച്‌ പരിഗണിക്കുക. ഗ്രീസില്‍ പരിശീലനം കഴിഞ്ഞെത്തിയ ഈ ഇരുപതുകാരൻ നിലവില്‍ ഇന്ത്യൻ അണ്ടര്‍ 23 ടീമിനൊപ്പമാണ്.മൊത്തം ഒൻപത് മലയാളികളാണ് ടീമിലുള്ളത്.

കഴിഞ്ഞ സീസണ്‍ മറക്കാനും പൊറുക്കാനുമാകും കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ആഗ്രഹിക്കുക.പിഴയും വിലക്കും നേരിട്ട സീസണില്‍ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്.എടികെ മോഹൻബഗാൻ ജേതാക്കളായപ്പോള്‍ ബംഗളൂരു എഫ്സി റണ്ണറപ്പായി. ബ്ലാസ്റ്റേഴ്സുമായി വിവാദ കളിക്കിറങ്ങിയ ബംഗളൂരു ഫൈനല്‍വരെ മുന്നേറുകയും ചെയ്തു.

.കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് – ബംഗളുരു പ്ലേ ഓഫ്‌ മത്സരം എന്നും ടീമിനെ വേട്ടയാടുമെന്നുറപ്പാണ്. ബംഗളുരു നേടിയ ഫ്രീകിക്ക്‌ ഗോളില്‍ പ്രതിഷേധിച്ചു ഗ്രൗണ്ട്‌ വിട്ട ബ്ലാസ്‌റ്റേഴ്‌സിനു വന്‍ തുക പിഴയും പരിശീലകന്‍ ഇവാന്‍ വുക്കൊമാനോവിച്ചിനു വിലക്കുമായിരുന്നു ഇതിന്റെ ബാക്കിപത്രം.ആ ഓര്‍മകള്‍ മറന്നു പുതിയ തുടക്കമാണ് പത്താം സീസണില്‍ ക്ലബ് ലക്ഷ്യമിടുന്നത്‌.

ഐ ലീഗില്‍നിന്നു യോഗ്യത നേടിയെത്തിയ പഞ്ചാബ്‌ എഫ്‌.സി. ഉള്‍പ്പെടെ 12 ടീമുകളാണ്‌ ഇത്തവണ ഐ.എസ്‌.എല്ലില്‍ മത്സരിക്കുക.ആദ്യറൗണ്ടില്‍ കൊച്ചിയില്‍ ആറു മത്സരങ്ങളുണ്ടാകും.ഒക്‌ടോബര്‍ ഒന്നിനു ജംഷഡ്‌പൂറിനെയും 21 നു നോര്‍ത്ത്‌ഈസ്‌റ്റ് യൂണൈറ്റഡിനെയും 27 നു ഒഡീഷയേയും നവംബര്‍ 25 നു ഹൈദരാബാദിനേയും 29 നു ചെന്നെയിനേയും ഡിസംബര്‍ 24 നു മുംബൈ എഫ്‌.സിയേയുമാണു കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌.സി. നേരിടുന്നത്‌.

ഐഎസ്‌എല്‍ ഫുട്‌ബോളിന്റെ പുതിയ സീസണ് ഈ‌ മാസം‌ 21 നാണ് കിക്കോഫ്‌. കൊച്ചി ജവഹർലാൽ നെഹ്റു രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളുരു എഫ്‌.സിയുമാണ് ഏറ്റുമുട്ടുക.

ആരാധകരുടെ എണ്ണം കൊണ്ട് ലോകത്തിലെ ഒന്നാം നമ്പർ ക്ലബ്ബുകളെ വരെ വിറപ്പിച്ചവരാണ്  ബ്ലാസ്റ്റേഴ്സിന്റെ ‘മഞ്ഞപ്പട’.ഇത്തവണയെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം എന്ന അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ബ്ലാസ്റ്റേഴ്സിന് ആകുമോ എന്നതാണ് ചോദ്യം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: