NEWSSports

സഞ്ജു സാംസണെ രാജസ്ഥാൻ റോയൽസും കൈവിട്ടതായി സൂചന; നിഷേധിക്കാതെ ടീം

ജയ്പൂർ:ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ ഉണ്ടാകുകയില്ലെന്ന് സൂചന.ആരാധകരാണ് ഈ‌ ആശങ്ക പങ്കുവച്ചിരിക്കുന്നത്.

റോയല്‍സ് ടീം ഫ്രാഞ്ചൈസി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ഒരു ഫോട്ടോയാണ് ഇതിനു കാരണം.വളരെ പെട്ടെന്നു തന്നെ ആരാധകര്‍ക്കിടയില്‍ ഈ ഫോട്ടോ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.

2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ റോയല്‍സിനെ ചാംപ്യന്‍മാരാക്കിയത് അന്തരിച്ച ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു (സപ്തംബര്‍ 13) അദ്ദേഹത്തിന്റെ ജന്‍മദിനം. ഇതുമായി ബന്ധപ്പെട്ടായിരുന്നു തങ്ങളുടെ പ്രിയ ക്യാപ്റ്റനെക്കുറിച്ച്‌ റോയല്‍സ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്.

Signature-ad

വോണിയും 2008ലെ ചാംപ്യന്‍മാരും എന്ന തലക്കെട്ടോടു കൂടി വോണും റോയല്‍സ് ടീമും ഐപിഎല്‍ ട്രോഫിക്കൊപ്പം പോസ് ചെയ്യുന്ന ചിത്രമായിരുന്നു പ്രധാന ആകര്‍ഷണം. തിയേറ്ററിലിരുന്ന് സിനിമയെ പോലെ നിലവില്‍ റോയല്‍സ് ടീമിലുള്ള താരങ്ങള്‍ അതു ആസ്വദിക്കുന്നതും ഫോട്ടോയില്‍ കാണാം. ഇപ്പോള്‍ കാണുന്നുവെന്നതായിരുന്നു ഹൃദയത്തോടെയുള്ള ഇമോജിക്കൊപ്പം റോയല്‍സ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.എന്നാൽ ഇവർക്കൊപ്പം സഞ്ജു ഇല്ലായിരുന്നു.

റോയല്‍സിന്റെ ഫോട്ടോയ്ക്കു താഴെ പലരും സഞ്ജുവിന്റെ അസാന്നിധ്യം ചോദ്യം ചെയ്തിട്ടുണ്ട്. ക്യാപ്റ്റന്‍ സഞ്ജു എവിടെ? സഞ്ജു സാംസണിനെ ഇവിടെയും ബെഞ്ചില്‍ ഇരുത്തിയതാണോയെന്നും ആരാധകര്‍ ചോദിക്കുന്നു. സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്നു ഇതോടെ ഉറപ്പായിരിക്കുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി. സഞ്ജു സാംസണിനെയും നിങ്ങൾ വിറ്റോയെന്നായിരുന്നു ചിലരുടെ ചോദ്യം.

പുതിയ സീസണില്‍ സഞ്ജു റോയല്‍സ് വിട്ടേക്കുമെന്നു നേരത്തേ അഭ്യൂഹങ്ങള്‍ വന്നിരുന്നു. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കാണ് അദ്ദേഹം കൂടുമാറാനൊരുങ്ങുന്നതെന്നായിരുന്നു അഭ്യൂഹങ്ങള്‍. അടുത്ത സീസണിനു ശേഷം വിരമിക്കാനിടയുള്ള നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയുടെ പകരക്കാരനായാണ് സഞ്ജുവിനെ സിഎസ്‌കെ കണ്ടുവച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ സഞ്ജുവോ, റോയല്‍സോ, സിഎസ്‌കെയോ ഇതേക്കുറിച്ച്‌ പ്രതികരിക്കുകയൊന്നും ചെയ്തിരുന്നില്ല.

റോയല്‍സിനെ സംബന്ധിച്ച്‌ അവരുടെ ഐക്കണ്‍ താരം തന്നെയാണ് സഞ്ജു. അദ്ദേഹത്തെ ഇന്നു കാണുന്ന താരപദവിയിലേക്കുയര്‍ത്തിയത് റോയല്‍സാണെന്നതില്‍ സംശയമില്ല. 2013ല്‍ രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റനായിരിക്കെയാണ് സഞ്ജു റോയല്‍സിലേക്കു വരുന്നത്. 2015 വരെ അദ്ദേഹം റോയല്‍സിലുണ്ടായിരുന്നു. അടുത്ത രണ്ടു സീസണുകളിലും റോയല്‍സിനു ഐപിഎല്ലില്‍ നിന്നും വിലക്ക് നേരിട്ടതോടെ സഞ്ജു ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു (ഡെയര്‍ഡെവിള്‍സ്) മാറി.

 

വിലക്കിനു ശേഷം 2018ല്‍ റോയല്‍സ് മടങ്ങിയെത്തിയപ്പോള്‍ അവര്‍ ആദ്യം തിരികെ കൊണ്ടുവന്ന താരങ്ങളിലൊരാള്‍ സഞ്ജുവായിരുന്നു. അതിനു ശേഷം അദ്ദേഹത്തെ ടീം കൈവിട്ടിട്ടില്ല. 2021ലാണ് സ്റ്റീവ് സ്മിത്തിനു പകരം സഞ്ജുവിനെ റോയല്‍സ് ക്യാപ്റ്റനായി നിയമിച്ചത്. 2022ല്‍ അദ്ദേഹത്തിനു കീഴില്‍ ടീം ഫൈനലിലെത്തുകയും ചെയ്തു. പ്രഥമ സീസണില്‍ ചാംപ്യന്‍മാരായ ശേഷമുള്ള റോയല്‍സിന്റെ ആദ്യത്തെ ഫൈനല്‍ കൂടിയായിരുന്നു ഇത്.

Back to top button
error: