അബുദാബി: മെർക്കുറി ഉപയോഗിച്ച് പ്രവർത്തിക്കുന്ന മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിയും ഉപയോഗവും യുഎഇ നിരോധിച്ചു. ഇതു സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ യുഎഇ മന്ത്രിസഭ പുറപ്പെടുവിച്ചു. ഒന്നിലധികം തവണ സിറിഞ്ചുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഇറക്കുമതി ചെയ്ത മെഡിക്കൽ അല്ലെങ്കിൽ ലബോറട്ടറി ഉപകരണങ്ങൾ അംഗീകൃത കേന്ദ്രങ്ങളിൽ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. ഇവ പൊതു തൊഴിൽ, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. രാജ്യത്തെ സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്കും ഇത് ബാധകമാണ്.
ഡിജിറ്റൽ മെഡിക്കൽ തെർമോമീറ്ററുകൾ, ഇലക്ട്രോ മെഡിക്കൽ തെർമോമീറ്ററുകൾ, നോൺ-ഇൻവേസീവ് മെക്കാനിക്കൽ മെഡിക്കൽ ബ്ലഡ് പ്രഷർ മോണിറ്ററുകൾ, നോൺ-ഇൻവേസീവ് ഓട്ടമേറ്റഡ് ബ്ലഡ് പ്രഷർ മോണിറ്ററുകൾ എന്നിങ്ങനെ ഈ ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്തതോ നിർമ്മിക്കുന്നതോ ആയ ഉപകരണങ്ങളും പരിശോധിച്ച് ഉപയോഗ യോഗ്യമാണെന്ന് ഉറപ്പാക്കണം. മെഡക്കൽ ലാബ് ഉപകരണങ്ങളിൽ അംഗീകൃത മുദ്രയില്ലെങ്കിൽ ഉപയോഗിക്കരുത്. വിതരണക്കാർക്ക് വ്യവസ്ഥകൾക്കനുസൃതമായി ഉപകരണങ്ങളുടെ സാധുത ഉറപ്പുവരുത്താൻ ആറു മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. നിയമം 2023 സെപ്തംബർ 25 മുതൽ പ്രാബല്യത്തിൽ വരും.