KeralaNEWS

ഓണക്കാലത്ത് കുടുംബസമേതം  യാത്രപോയ 763 പേരുടെ വീടിന് കാവലായി പോലീസ്

തിരുവനന്തപുരം:ഓണാവധി ആഘോഷിക്കാൻ കുടുംബസമേതം വീട് പൂട്ടി യാത്രയ്ക്ക് പോയ 763 പേരുടെ വീടിന് സുരക്ഷയൊരുക്കി കേരള പോലീസ്.ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെയുള്ള കാലയളവിലാണ് പോലീസ് ആളൊഴിഞ്ഞ വീടുകൾക്ക് കാവലാളായത്.

ഇക്കഴിഞ്ഞ ഓണക്കാലത്ത് വീട് പൂട്ടി യാത്രപോയ 763 പേരാണ് അക്കാര്യം പോലീസിന്‍റെ ഓദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ – ആപ്പിലൂടെ അറിയിച്ചത്.ഇവരുടെ വീട് ഉള്‍ക്കൊള്ളുന്ന പ്രദേശത്ത് നിരീക്ഷണം ഉറപ്പാക്കാന്‍ പോലീസ്  ഉടനടി നടപടി സ്വീകരിച്ചു.

തിരുവനന്തപുരം ജില്ലയില്‍ ഇക്കാലയളവില്‍ 221 പേര്‍ ഈ സേവനം വിനിയോഗിച്ചു. കൊല്ലം ജില്ലയില്‍ 69 പേരും പാലക്കാട് ജില്ലയില്‍ 65 പേരും വീട് പൂട്ടി യാത്ര പോകുന്ന കാര്യം പോലീസിന്‍റെ ഓദ്യോഗിക മൊബൈല്‍ ആപ്പ് വഴി അറിയിക്കുകയുണ്ടായി. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 63 പേര്‍ വീതവും കോഴിക്കോട് ജില്ലയില്‍ 61 പേരുമാണ് ഈ സൗകര്യം വിനിയോഗിച്ചത്.

പോല്‍ – ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തശേഷം സര്‍വീസസ് എന്ന വിഭാഗത്തിലെ ലോക്ക്ഡ് ഹൗസ് ഇൻഫര്‍മേഷൻ എന്ന വിഭാഗത്തില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുകയാണ് വേണ്ടത്. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന സ്ഥലം, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്ബറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്.

പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്‍റെ നിരീക്ഷണത്തിലായിരിക്കും.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: