തിരുവനന്തപുരം: നിയമസഭ നടപടികൾ തുടരുന്നതിനിടെ താൻ സംസാരിക്കുന്നത് തടസപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷത്തിനെതിരെ ആക്രോശിച്ച് കോങ്ങാട് എംഎൽഎ എ ശാന്തകുമാരി. ”അവിടെയിരിക്ക്, ഞാൻ പറയട്ടെ…” എന്ന് പറഞ്ഞു കൊണ്ടാണ് ശാന്തകുമാരി കഴിഞ്ഞദിവസത്തെ പ്രതിപക്ഷ ബഹളത്തെ നേരിട്ടത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ പരാമർശങ്ങൾ, കേന്ദ്രധനകാര്യമന്ത്രിയെ കാണാൻ കോൺഗ്രസ് തയ്യാറായില്ല തുടങ്ങിയ കാര്യങ്ങളാണ് ശാന്തകുമാരി പ്രസംഗത്തിൽ ഉന്നയിച്ചത്. പ്രതിപക്ഷത്തെ ഞെട്ടിച്ച പുലിക്കുട്ടിയെന്ന് വിശേഷിപ്പിച്ച് സംഭവത്തിന്റെ വീഡിയോ മന്ത്രി ആർ ബിന്ദു പങ്കുവച്ചു.
‘നിയമസഭയുടെ ഒൻപതാം സമ്മേളനത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ ഇടപെടൽ സ്ത്രീശബ്ദത്തിൽ ആയിരുന്നു എന്നതിൽ അഭിമാനിക്കുവെന്നാണ് ബിന്ദു വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. ”ശാന്തകുമാരിയാണ് സഭയിൽ വാക്കുകളുടെ ഇടിമുഴക്കം സൃഷ്ടിച്ച് പ്രതിപക്ഷത്തിനെ ഞെട്ടിച്ചത്. ശാന്തകുമാരി പുലിക്കുട്ടി. അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ. പറയേണ്ടത് പറയണ്ട പോലെ പറഞ്ഞ മിടുക്കിന്.” -ആർ ബിന്ദു പറഞ്ഞു.
മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെയും രൂക്ഷവിമർശനമാണ് ശാന്തകുമാരി നടത്തിയത്. കോൺഗ്രസിന്റെ നേർച്ച കാളയാണ് മാത്യുകുഴൽ നാടനെന്നും ശാന്തകുമാരി ആവർത്തിച്ച് പറഞ്ഞു. ”എന്തു ഏതും വിളിച്ച് പറയുകയാണ് മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരെ ആരോപണങ്ങൾ ഉന്നയിക്കുന്നു. കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാനെന്ന വ്യാമോഹിച്ചാണ് മാത്യു കുഴൽനാടനെ കോൺഗ്രസ് ചുമതലപ്പെടുത്തിയത്. ഇടുക്കി ജില്ലയിൽ വീട് നിർമ്മിക്കാനെന്ന വ്യാജേന വാങ്ങിയ ലൈസൻസ് സംബന്ധിച്ച രേഖകൾ പുറത്തുവന്നിട്ടുണ്ട്.” അവ പരിശോധന വിധേയമാക്കണമെന്നും ശാന്തകുമാരി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിനെതിരെ പ്രതികരിക്കാത്തവരാണ് കോൺഗ്രസ് അംഗങ്ങൾ. സിപിഐഎമ്മിന് നേരെ മാത്രം ശബ്ദമുയർത്തുന്നത് ജനങ്ങൾ കാണുന്നുണ്ടെന്നും ശാന്തകുമാരി പറഞ്ഞു.