KeralaNEWS

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എസി മൊയ്തീന്‍ ഇഡി ഓഫീസില്‍ ഹാജരായി

കൊച്ചി: കരുവന്നൂര്‍ ബാങ്കില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി. മൊയ്തീന്‍ എം.എല്‍.എ. ഇ.ഡി.ക്ക് മുന്നില്‍ ഹാജരായി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടുതവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി മൊയ്തീന്‍ ഹാജരായിരുന്നില്ല. നിയമസഭാ സമ്മേളനം നടക്കവെ അത് ഒഴിവാക്കിയാണ് എ.സി. മൊയ്തീന്‍ തിങ്കളാഴ്ച രാവിലെ 9.30 ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ എത്തിയത്.

നേരത്തേ ചോദ്യംചെയ്ത് വിട്ടയച്ചിരുന്ന തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ സി.പി.എം. കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയോടും വടക്കാഞ്ചേരി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ പി.ആര്‍. അരവിന്ദാക്ഷനോടും തിങ്കളാഴ്ച ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക ഇടപാടുകാരന്‍ സതീഷ് കുമാറുമായുള്ള ബന്ധത്തിലാണ് ഇവരെയെല്ലാം ചോദ്യംചെയ്യുന്നത്. സതീഷ് കുമാറിന്റെ അടുപ്പക്കാരായ മധു അമ്പലപുരം, ജിജോര്‍ എന്നിവരെയും ചോദ്യംചെയ്തിരുന്നു. ഇവരാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചതെന്നാണ് ഇ.ഡി.ക്ക് ലഭിച്ച വിവരം.

ഇവരെ ഒന്നിച്ചിരുത്തി ചോദ്യംചെയ്തേക്കുമെന്നാണ് സൂചന. ഇ.ഡി. നല്‍കിയ റിപ്പോര്‍ട്ടില്‍ മുന്‍ എം.പി.യും സതീഷ് കുമാറുമായുള്ള സാമ്പത്തികഇടപാടില്‍ പങ്കാളിയായിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ടെലിഫോണ്‍ ശബ്ദരേഖയുണ്ടെന്നും സാക്ഷിമൊഴികളുണ്ടെന്നും വ്യക്തമാക്കിയിരുന്നു. മുന്‍ എം.പി.യെ തെളിവെടുപ്പിനായി ബുധനാഴ്ച വിളിപ്പിക്കുമെന്നാണ് വിവരം. മൊയ്തീന്റെ വീട്ടില്‍ ഇ.ഡി.പരിശോധന നടന്നിരുന്നു. അദ്ദേഹത്തിന്റെയും ഭാര്യയുടെയും സ്ഥിരനിക്ഷേപമായ 28 ലക്ഷം രൂപ മരവിപ്പിച്ചിരുന്നു.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: