ആലപ്പുഴ: കാനഡയിൽ ജോലി വാഗ്ദാനംചെയ്‌ത് പുറക്കാട് സ്വദേശിനിയിൽനിന്നും 11- ലക്ഷം രൂപ തട്ടിയ കേസിൽ യുവതി പിടിയിൽ.പാലക്കാട് മന്തക്കാട് പഞ്ചായത്ത് വലിയ വീട്ടിൽ നികിത (29) യെയാണ് അമ്പലപ്പുഴ എസ്‌എച്ച്‌ഒ എസ് ദ്വിജേഷിന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്‌തത്.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിന് സമീപം ശ്യാംനിവാസിൽ വാടകയ്ക്ക് താമസിക്കവെയാണ് തട്ടിപ്പ്.ഭർത്താവിന്റെ വീട്ടിൽനിന്നും വഴക്കിട്ട് ഇറങ്ങിയ നികിത, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ ആണന്ന് വിശ്വസിപ്പിച്ച് പുറക്കാട് സ്വദേശിനി ഷാനിയുടെ വീട്ടിൽ പേയിങ് ഗസ്‌റ്റായി താമസിച്ചു വരികയായിരുന്നു. പാലക്കാടുള്ള ഇല്ലത്തെ നമ്പൂതിരിയുടെ മകളാണെന്നും കോടികളുടെ ആസ്‌തിയുണ്ടെന്നും ഇവർ ഷാനിയെ തെറ്റിദ്ധരിപ്പിച്ച് കാനഡയിൽ ജോലി വാഗ്ദാനംചെയ്‌ത് പലപ്പോഴായി 11 -ലക്ഷം രൂപ വാങ്ങി മുങ്ങുകയുമായിരുന്നു.
ഷാനിയുടെ പരാതിയിൽ കേസെടുത്ത പോലീസ് വണ്ടാനത്ത് ഒളിവിൽ കഴിഞ്ഞ നികിതയെ പിടികൂടുകയായിരുന്നു. പാലക്കാടും ആലപ്പുഴയിലെ വിവിധയിടങ്ങളിലും നികിത ഇത്തരത്തിൽ തട്ടിപ്പു നടത്തിയതായി പൊലീസ് പറഞ്ഞു.
എസ്‌ഐ വി എൽ ആനന്ദ്, ഗ്രേഡ് എസ്‌ഐ ഷാജി, സീനിയർ സിപിഒ രാജീവ്, സിപിഒമാരായ സിദ്ദിക്ക്, ജോസഫ് ജോയി, അനീഷ്, ദർശന, അഞ്ജു രാജു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.